വെള്ളമുണ്ട ഡിവിഷൻ ‘കളരി ഗ്രാമം’ ഉദ്‌ഘാടനം ചെയ്തു

Wayanad

തരുവണഃകേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് പരിശീലനം പുതിയ തലമുറക്ക് പകർന്ന് കൊടുക്കാവാനുള്ള വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള ‘കളരി ഗ്രാമം’ പദ്ധതി ഉദ്‌ഘാടനം ചെയ്തു.

കമ്മന കടത്തനാടൻ കളരി സംഘവുമായി ചേർന്ന് വെള്ളമുണ്ട ഡിവിഷനിലെ പഠിതാക്കൾക്ക് സൗജന്യമായി കളരി അഭ്യസിക്കാനുള്ള അവസരം ഒരുക്കുന്ന ‘കളരി ഗ്രാമം’ പദ്ധതി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ഡിവിഷൻ തലത്തിൽ നടത്തുന്ന സവിശേഷ പദ്ധതികളിൽ ഒന്നാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ആയോധനകല പരിശീലന പ്രോത്സാഹന പദ്ധതിയാണ് ‘കളരി ഗ്രാമം’ എന്നതും ശ്രദ്ധേയമാണ്.

പുതിയ ബാച്ചിന്റെ പ്രവേശനോത്സവവും ആവേശകരമായ കളരി പയറ്റ് പ്രദർശനവും ഉദ്‌ഘാടന ചടങ്ങിനൊപ്പം നടന്നു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു.
പാലിയാണ ഗവ.എൽ.പി സ്കൂൾ മൈതാനത്ത് നടന്ന ചടങ്ങിൽ
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.
ഷെയ്ഖ് ഉസ്മാൻ ഹാജി മുഖ്യാഥിതിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ അമീൻ,വി.ബാലൻ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ വൈശ്യൻ,മെമ്പർമാരായ പി.തോമസ്,മൈമൂന കെ.കെ.സി,അബ്ദുള്ള കണിയാങ്കണ്ടി,വെള്ളമുണ്ട പോലീസ് സബ് ഇൻസ്‌പെക്ടർ ടി.രാജീവ്, നെഹ്‌റു മെമ്മോറിയൽ ലൈബ്രറി പ്രസിഡന്റ്
എം.രാധാകൃഷ്ണൻ, സെക്രട്ടറി വിനോദ് പാലിയാണ,വി.കെ ഗോവിന്ദൻ,എം.യു.തോമസ്,രാജീവൻ എ,എ.കെ റൈഷാദ് തുടങ്ങിയവർ സംസാരിച്ചു.

കമ്മന കടത്തനാടൻ കളരി സംഘം ചീഫ് ട്രെയ്നർ
കെ.എഫ് തോമസ് ഗുരുക്കൾ,ടി.എൻ നിഷാദ് ഗുരുക്കൾ,എം.എസ് ഗണേഷ് ഗുരുക്കൾ,സി.കെ.ശ്രീജിത്ത് ഗുരുക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ അരങ്ങേറിയ മെയ്പയറ്റ് പ്രദർശനം കാഴ്ചക്കാരിൽ ആവേശവും കൗതുകവുമുണർത്തി.

കളരി പരിശീലന രംഗത്ത് അഞ്ചു വർഷം പൂർത്തിയാക്കിയവരെയും സ്തുത്യർഹ സേവനം അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്ന സീനിയർ ഗുരുക്കൾമാരെയും വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ഔദ്യോഗിക അംഗീകാര പത്രം നൽകി ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *