പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്; ‘പേരും പതാകയും ജമ്മു കശ്മീരിലെ ജനങ്ങൾ തീരുമാനിക്കും’

National

ശ്രീനഗർ: നാല് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് കൂട്ടുകെട്ടിന് അവസാനിപ്പിച്ച് ഒരാഴ്‌ചയ്‌ക്ക് ശേഷം പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. തന്റെ പുതിയ പാർട്ടിയുടെ പേരും പതാകയും ജമ്മു കശ്മീരിലെ ജനങ്ങൾ തീരുമാനിക്കും. എല്ലാവർക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാനി നാമമാകും പാർട്ടിയുടേതെന്നും ജമ്മുവിലെ സൈനിക് ഗ്രൗണ്ടിൽ നടന്ന ആദ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് വിട്ട ശേഷമുള്ള ഗുലാം നബി ആസാദിൻറെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് ജമ്മു കശ്മീരിൽ നടന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീർ ആസ്ഥാനമായായിരിക്കും പാർട്ടിയുടെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ സമ്പൂർണ സംസ്ഥാന പദവി തിരിച്ചുപിടിക്കുക എന്നതായിരിക്കും പാർട്ടിയുടെ പ്രധാന അജണ്ടയെന്നാണ് ഗുലാംനബി പ്രഖ്യാപിച്ചു. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികൾക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് അദ്ദേഹം റാലിയിൽ അറിയിച്ചു.

സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വത്തെ ഗുലാം നബി ആസാദ് രൂക്ഷമായി വിമർശിച്ചു. ട്വിറ്റർ കൊണ്ടോ കംമ്പ്യൂട്ടറ് കൊണ്ടോ അല്ല രക്തം നൽകിയാണ് ഞങ്ങൾ കോൺഗ്രസിനെ വളർത്തിയതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ചിലർ ഞങ്ങളെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നു. എന്നാൽ അവരുടെ സ്വാധീനം ട്വിറ്ററിലും കംപ്യൂട്ടറിലും മാത്രമാണ്. അതുകൊണ്ടാണ് സാധാരണക്കാരുടെ ഇടയിൽ കോൺഗ്രസിനെ കാണാത്തതെന്നും ആസാദ് പറഞ്ഞു.

ഓഗസ്റ്റ് 26-നാണ് ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു രാജി. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് രംഗത്തെത്തിയത്. ഗുലാം നബിക്ക് പിന്തുണയുമായി ജമ്മു കശ്മീരിലെ മുൻ ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എഴുപതോളം നേതാക്കളും കോൺഗ്രസിൽനിന്ന് രാജിവെച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *