കൽപ്പറ്റ: കേരളത്തിലെ ഏറ്റവും വലുതും മലങ്കര ക്രഡിറ്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതുമായ ഹൈഡ്രോപോണിക്സ് ഫാമിൽ വിളവെടുപ്പ് മഹോത്സവം. സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റൺ യുനീക് വേൾഡ് റെക്കോർഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോ ചെ (ഡോ. ബോബി ചെമ്മണ്ണൂർ) വയനാട് കൽപ്പറ്റയിൽ ആഗസ്റ്റ് 13 ന് വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്യും. സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കേന്ദ്ര ഗ്രാമീൺ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ഹൈഡ്രോപോണിക്സ് ഫാമി ലാണ് ആദ്യത്തെ വിളവെടുപ്പ്. രാവിലെ 11.30 ന് നടക്കുന്ന ചടങ്ങിൽ കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ മുജീബ് കെ.എം. തൊടി, മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ, വാർഡ് കൗൺസിലർ, സി.കെ. ശിവരാമൻ, ബിജെപി ജില്ലാ പ്രസിഡന്റ് പി. ശ്രീനിവാസൻ, ബോബി ഗ്രൂപ്പ് മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ സി.പി. എന്നിവർ സംബന്ധിക്കും. മലങ്കര ക്രെഡിറ്റ് സൊസൈറ്റി സി.ജി.എം.പൗസൺ വർഗ്ഗീസ് സ്വാഗതവും വൈസ് ചെയർപേഴ്സൺ മറിയാമ്മ പിയൂസ് നന്ദിയും അറിയിക്കും.
കൽപ്പറ്റ കൊട്ടാരപ്പടിയിലാണ് മണ്ണില്ലാത്ത കൃഷിയായ ഹൈഡ്രോപോണിക്സ് രീതി യിൽ മലങ്കര ക്രെഡിറ്റ് സൊസൈറ്റി കൃഷി ആരംഭിച്ചത്. അമ്പതിനായിരത്തോളം ചതുരശ്ര മീറ്ററുള്ള ഫാമിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃഷി നടത്തിയത്. കാപ്സിക്കം, ലെറ്റ്യൂസ്, സെലറി, തക്കാളി എന്നിവയുടെ ഉയർന്ന ഉൽപാദനമാണ് ആദ്യ വിളവിൽ തന്നെ ലഭിച്ചിരിക്കുന്നത്. വർഷത്തിൽ നാലുതവണ വിളവെടുക്കാൻ സാധിക്കും. സഹകരണ മേഖലയിൽ ഇതാദ്യമായാണ് ഹൈഡ്രോപോണിക്സ് ഫാം പ്രോജക്ട് നടത്തുന്നതെന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. ഗാർഹിക കൃഷി ഗവേഷണ കേന്ദ്രം കൂടി ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.