മസ്‍കത്ത്: ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്‍സ്‍ലേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് എംബസിയുടെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. അറബിക് ട്രാന്‍സ്‍ലേഷനില്‍ ബിരുദമോ ഡിപ്ലോമയോ അഭികാമ്യം.
ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരിക്കണം. നല്ല ആശയ വിനിമയ പാടവവും വിവര്‍ത്തന പാടവവും വേണം. കംപ്യൂട്ടര്‍ ഉപയോഗിക്കാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പരിചയമുണ്ടായിക്കണമെന്നും യോഗ്യതകള്‍ വിവരിച്ചുകൊണ്ട് എംബസി അറിയിച്ചു. 25 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം.
അറബിക് ന്യൂസ് പേപ്പറുകളില്‍ നിന്നുള്ള ലേഖനങ്ങളുടെയും ഔദ്യോഗിക രേഖകളുടെയും വിവര്‍ത്തനം, എംബസി ഉദ്യോഗസ്ഥരെ ഭരണപരമായ ചുമതലകളില്‍ സഹായിക്കല്‍, പ്രോട്ടോക്കോള്‍ ചുമതലകള്‍, ഒമാനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായുള്ള ഏകോപനം, മറ്റ് ജോലികള്‍ എന്നിങ്ങനെയായിരിക്കും ജോലിയിലെ ചുമതലകള്‍. 600 ഒമാനി റിയാലായിരിക്കും തുടക്ക ശമ്പളം. 600-18-870-26-1130-34-1470 എന്നതാണ് ശമ്പള സ്‍കെയില്‍.
സമാനമായ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ക്ക് സാധുതയുള്ള ഒമാന്‍ റെസിഡന്റ് വിസ ഉണ്ടായിരിക്കണം. താതാപര്യമുള്ളവര്‍ ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‍കാന്‍ഡ് കോപ്പികള്‍, ഒമാന്‍ റെസിഡന്റ് വിസ, നേരത്തെ ജോലി ചെയ്‍തിരുന്ന സ്ഥലങ്ങളില്‍ നിന്നുള്ള റഫറന്‍സുകളുടെ പകര്‍പ്പ് എന്നിവ ഇ-മെയിലായി അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 25.