‘കുടുംബസമേതം സിനിമ കാണാന്‍ വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിട്ടുണ്ട്’; കുഞ്ചാക്കോ ബോബൻ

Movies

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകങ്ങളാണ് ഒരു വിഭാ​ഗത്തെ ചൊടിപ്പിച്ചത്. സർക്കാരിനെ ലക്ഷ്യം വച്ചുള്ളതാണ് വാചകങ്ങളെന്നായിരുന്നു ആരോപണം. എന്നാൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വളരെ ക്രിയാത്മകമായാണ് എടുത്തത് എന്നു പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.

മന്ത്രിയുമായി സംസാരിച്ചതിനു പിന്നാലെയാണ് ചാക്കോച്ചൻ ഇത് വ്യക്തമാക്കിയത്. പരസ്യത്തെ രസകരമായാണ് എടുത്തതെന്നും കുടുംബത്തിനൊപ്പം സിനിമ കാണാനെത്തുമെന്ന് തന്നോട് പറഞ്ഞുവെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേർത്തു. എന്റെ ഒരു പൊതുസുഹൃത്ത് വഴിയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിക്കാന്‍ സാധിച്ചു. അദ്ദേഹം വളരെ രസകരമായാണ് ഈ പരസ്യത്തെ എടുത്തത്. സിനിമയെ സിനിമയായി കാണുകയും പരസ്യത്തെ പരസ്യമായി കാണുകയും ചെയ്യുന്ന ഒരാളാണ്. അദ്ദേഹം കുടുംബസമേതം സിനിമ കാണാന്‍ വരുമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം മാത്രമല്ല, ഭരണപക്ഷത്ത് ഇരിക്കുന്ന ധാരാളം സുഹൃത്തുക്കള്‍ എനിക്കുണ്ട്. മന്ത്രിമാരും എംഎല്‍എമാരും ഉണ്ട്. അവരെല്ലാം സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാണ് അറിഞ്ഞത്.- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

സിനിമ കോർട്ട് റൂം ഡ്രാമയാണെന്നും ഏതെങ്കിലും സര്‍ക്കാറിനെയോ രാഷ്ട്രീയക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതല്ല സിനിമയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. വര്‍ഷങ്ങളായി ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഹ്യൂമര്‍ വഴി അവതരിപ്പിക്കുന്ന ചിത്രമാണിത്. മാറിമാറി വരുന്ന രാഷ്ട്രീയ കക്ഷികളെല്ലാം ഈ സിനിമയിലൂടെ കടന്നുപോകുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *