മനോരമ വധം: പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും

Kerala

തിരുവനന്തപുരം: മനോരമ വധക്കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി പൊലീസ് തെളിവെടുത്തേക്കും. ആദം അലിയെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ കോടതി വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പൊലീസ് നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക.

കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പൊലീസിന് മുന്നിലുള്ളത്  രണ്ട് പ്രധാന പ്രശ്നങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനോരമയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്തുക എന്നതാണ്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കൂടി കണ്ടെത്തിയാല്‍ കേസിലെ എല്ലാ  പഴുതുകള്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകരമായത്. ആദം അലി ഒറ്റയ്ക്കാണ് മൃതദേഹം മനോരമയുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും ഇവിടുത്തെ കിണറിലേക്ക് തള്ളിയിട്ടതും. മനോരമയെ വധിച്ച ശേഷം മൃതദേഹം ചുമന്ന് കൊണ്ടുവന്ന ആദം അലി, പിന്നീടിത് അടുത്ത പുരയിടത്തിലേക്ക് ഇട്ടു. ഇവിടെ നിന്ന് കിണറ്റിൻകര വരെ മൃതദേഹം വലിച്ചുകൊണ്ടുപോയ ശേഷം, കാലിൽ കല്ല് ചേർത്ത് വെച്ച് കെട്ടി.

പിന്നീടാണ് മനോരമയുടെ മൃതദേഹം കിണറ്റിലേക്ക് ഇട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, പശ്ചിമ ബംഗാളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി ഇവർ പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ നിരന്തരം കണ്ട് പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു. ചെന്നൈ ആര്‍പിഎഫാണ് കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം കേരളം വിട്ട പ്രതിയെ റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്.

കേരളാ പൊലീസ് ചെന്നൈയിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കേരളത്തിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. എങ്കിലും ഉത്തരം കിട്ടാതെ കുറേ ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്.  മോഷണത്തിനുവേണ്ടി വീട്ടമ്മ മനോരമയെ കൊല്ലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മനോരമയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ പണം ഇവിടെ തന്നെ ഉണ്ടായിരുന്നു.

ഇതൊക്കെയാണ് സംശയത്തിന് കാരണം. മോഷ്ടിച്ച സ്വർണം പ്രതി ഉപേക്ഷിച്ചതാണോ അതോ വിറ്റതാണോ എന്നത് ഇനി കണ്ടെത്തണം. മോഷണമായിരുന്നില്ല ഉദ്യേശമെങ്കിൽ അതിഥി തൊഴിലാളികള്‍ക്ക് കുടിവെള്ളവും ഭക്ഷണവും നൽകുന്ന വീട്ടമ്മയെ കൊലപ്പെടുത്താൻ പ്രതിയെ പ്രേരിച്ചതെന്താണെന്ന് വ്യക്തമാകണം. ഇതിന് വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *