600 ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ താരം; കൂറ്റന്‍ റെക്കോര്‍ഡ് സ്വന്തമാക്കി പൊള്ളാര്‍ഡ്

Sports

ലണ്ടന്‍: 600 ട്വന്റി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്. ദി ഹണ്‍ഡ്രഡില്‍ ലണ്ടന്‍ സ്പിരിറ്റിന് വേണ്ടി മാഞ്ചസ്റ്റര്‍ ഒര്‍ജിനലിന് എതിരെ ഇറങ്ങിയതോടെയാണ് പൊള്ളാര്‍ഡ് റെക്കോര്‍ഡിട്ടത്.

11 പന്തില്‍ നിന്ന് 34 റണ്‍സ് ആണ് തന്റെ 600ാം ട്വന്റി20യില്‍ നിന്ന് പൊള്ളാര്‍ഡ് നേടിയത്. ഒരു ഫോറും നാല് സിക്‌സും വിന്‍ഡിസ് ബിഗ് ഹിറ്ററില്‍ നിന്ന് വന്നു. 600 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 11,723 റണ്‍സ് ആണ് പൊള്ളാര്‍ഡ് സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 31.34.

104 ആണ് ട്വന്റി20യിലെ പൊള്ളാര്‍ഡിന്റെ ഉയര്‍ന്ന സ്‌കോര്‍. 56 വട്ടം ട്വന്റി20യില്‍ പൊള്ളാര്‍ഡ് അര്‍ധ ശതകം നേടി. 309 വിക്കറ്റാണ് വീഴ്ത്തിയത്. മികച്ച ഫിഗര്‍ 4-15. ലോകത്തിന്റെ പല ഭാഗങ്ങളിലായി ട്വന്റി20 ടീമുകളുടേയും ഭാഗമായി പൊള്ളാര്‍ഡ്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, മുംബൈ ഇന്ത്യന്‍സ്, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, മെല്‍ബണ്‍ റെനഗേഡ്‌സ്, ധാക്ക ഗ്ലാഡിയേറ്റേഴ്‌സ്,കറാച്ചി കിങ്‌സ്, മുള്‍ട്ടാന്‍ സുല്‍ത്താന്‍സ്, ട്രിനിബാഗോ നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്കായി പൊള്ളാര്‍ഡ് കളിച്ചു.

543 മത്സരം കളിച്ച വിന്‍ഡിസിന്റെ തന്നെ ബ്രാവോയാണ് പൊള്ളാര്‍ഡിന് പിന്നിലുള്ളത്. 472 ട്വന്റി20യുമായി മാലിക് മൂന്നാമതും 463 മത്സരങ്ങളുമായി ഗെയ്ല്‍ നാലാമതും 426 കളികളുമായി രവി ബൊപ്പാറ അഞ്ചാമതും നില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *