തൊടുപുഴ: ഇടുക്കി ഡാമിൽ ജലനിരപ്പ് 2382.53 അടിയായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായുള്ള മുന്നാം ഘട്ട മുന്നറിയിപ്പാണ് റെഡ് അലർട്ട്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ന്നിട്ടില്ല. 138.05 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. തൃശൂരിലെ പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്.
മഴ കുറഞ്ഞതിനെത്തുടർന്നു സംസ്ഥാനത്ത് ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്.