വിലക്കയറ്റത്തിനെതിരായ കോൺഗ്രസ് മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്റ്റിൽ

National

ന്യൂഡൽഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുന്നതിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത് നീക്കി. പാർട്ടി ആസ്ഥാനത്തിന് പുറത്ത് മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രതിഷേധം നടത്തുന്നതിനിടെയാണ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ബലം പ്രയോഗിച്ചാണ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. എ.ഐ.സി.സി ആസ്ഥാനത്തു നിന്ന് പ്രതിഷേധം തുടങ്ങിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു. അതിനിടെ, റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെ പൊലീസ് വളഞ്ഞിരിക്കയാണ്.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. എം.പിമാർ വിജയ് ചൗക്കിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാർച്ചിൽ പ്രവർത്തക സമിതി അംഗങ്ങൾ, മുതിർന്ന നേതാക്കൾ തുടങ്ങിയവരാണ് പങ്കെടുക്കുക. രണ്ട് മാർച്ചുകൾക്കും ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

.കോൺഗ്രസ് അധ്യക്ഷ​ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് മാർച്ചിന് നേതൃത്വംനൽകിയത്. കായികമായി നേരിട്ടാലും പ്രതിഷേധം തുടരുമെന്നു രാഹുൽ ഗാന്ധി വ്യക്തമാക്കി. കറുത്ത വസ്ത്രം ധരിച്ചാണ് കോൺഗ്രസ് എം.പിമാർ പ്രതിഷേധത്തിന് എത്തിയത്.

കനത്ത പൊലീസ് സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. നാഷനൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തെയും നേതാക്കളെയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിടാതെ പിന്തുടരുന്നതിനിടെയാണ് കോൺഗ്രസിന്‍റെ പ്രതിഷേധം.

കോൺഗ്രസ് മാർച്ചിന് മുന്നോടിയായി ഡൽഹിയുടെ ചില ഭാഗങ്ങളിൽ വലിയ സമ്മേളനങ്ങൾ നിരോധിച്ചുകൊണ്ട് കേന്ദ്രസർക്കാർ നിരോധന ഉത്തരവുകൾ ഏർപ്പെടുത്തി. നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് രാജ്യതലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്താൻ കോൺഗ്രസിന് അനുമതി നിഷേധിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *