മുല്ലപ്പെരിയാർ ഡാം തുറന്നു; പെരിയാർ തീരത്ത് ജാഗ്രത നിർദേശം

Kerala

ഇടുക്കി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ മൂന്ന് ഷട്ടറുകൾ തുറന്നു. 30 സെന്‍റിമീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. സെക്കന്റിൽ 534 ഘനയടി ജലം ആണ് പുറത്തേക്ക് ഒഴുക്കുന്നത്. രണ്ടു മണിക്കൂറിനുശേഷം ഇത് 1000 ഘനയടിയായി ഉയർത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുൻകരുതലുകൾ ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല കലക്ടർ ഷീബ ജോർജ് അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാനും കലക്ടർ നിർദേശിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 9ന് 137.25 അടിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രി 136 അടി കഴിഞ്ഞിരുന്നു. തുടർന്ന് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നൽകിയിരുന്നു. മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ല ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഫോൺ നമ്പർ: 04869-253362, മൊബൈൽ 8547612910. അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ (04869-232077, മൊബൈൽ 9447023597) എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *