തിരുവനന്തപുരം: കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷയുടെ സ്കോർ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കാൻഡിഡേറ്റ് പോർട്ടൽ വഴി സ്കോർ പരിശോധിക്കാം. പിഴവ് കാരണം പേപ്പർ ഒന്ന് പരീക്ഷയിൽ ഫിസിക്സ് പാർട്ടിൽനിന്ന് വന്ന മൂന്നു ചോദ്യങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ആദ്യം പ്രസിദ്ധീകരിച്ച സൂചികയിൽനിന്ന് വ്യത്യസ്തമായി പേപ്പർ ഒന്നിലെ നാലു ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ തിരുത്തലും വരുത്തി.
പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറും യോഗ്യത പരീക്ഷയിൽ (പ്ലസ് ടു/ തത്തുല്യം) മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് ലഭിച്ച മാർക്കും ഒന്നിച്ചും 50:50 അനുപാതത്തിൽ പരിഗണിച്ച് നടത്തുന്ന സ്റ്റാൻഡേഡൈസേഷൻ പ്രക്രിയക്ക് ശേഷമാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുക. പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്നിലെ (ഫിസിക്സ്, കെമിസ്ട്രി) സ്കോറും അതുപ്രകാരമുള്ള ഇൻഡക്സ് മാർക്കും പരിഗണിച്ചായിരിക്കും ബി.ഫാം റാങ്ക് പട്ടിക.
റാങ്ക് പട്ടികകൾ പിന്നീട് പ്രസിദ്ധീകരിക്കും. അപേക്ഷ പിഴവ് പരിഹരിക്കാൻ രേഖകൾ സമർപ്പിക്കാത്ത വിദ്യാർഥികളുടെ സ്കോർ തടഞ്ഞുവെച്ചിട്ടുണ്ട്. ഹെൽപ്ലൈൻ നമ്പർ: 0471 2525300.