പന്നിപനി ; കര്‍ഷകരുടെ നഷ്ടവും ആശങ്കയും പരിഹരിക്കണം – ടി.സിദ്ധിഖ് എം.എല്‍.എ

General Wayanad

കല്‍പ്പറ്റ : വയനാട് ജില്ലയിലെ ഇടത്തരം ആളുകളുടെ ഉപജീവനമാര്‍ഗമാണ് പന്നി വളര്‍ത്തല്‍. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പന്നി കര്‍ഷകരുള്ളത് വയനാട് ജില്ലയിലാണ്. ആഫ്രിക്കന്‍ പന്നിപനിയും, പന്നികളെ കൊന്നൊടുക്കലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ പ്രയാസമാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖ് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്. നിലവില്‍ കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ ഒട്ടേറെ പ്രതിസന്ധികളുണ്ട്. ദിവസങ്ങളായി പന്നിപനി കാരണം ഒട്ടേറെ പന്നികളെയാണ് മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടാത്തില്‍ കൊന്നൊടുക്കിയിട്ടുള്ളത്. ഇന്ന് തുടങ്ങിയ രണ്ടാംഘട്ട പന്നികളെ കൊന്നൊടുക്കല്‍ ഉള്‍പ്പെടെ ആയിരത്തോളം പന്നികളെയാണ് ജില്ലയില്‍ കൊന്നൊടുക്കി കൊണ്ടിരിക്കുന്നത്. ആദ്യ ഘട്ടം 469 പന്നികളെ കൊന്നൊടുക്കിയിരുന്നു. 2020 മെയ് 28 ന് കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവകുപ്പ് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ആഫ്രിക്കന്‍ പനി പിടിപെട്ട് കൊന്നൊടുക്കുന്ന പന്നികള്‍ക്കുള്ള തൂക്കം അനുസരിച്ചുള്ള തുകയാണ് നിശ്ചയിച്ചിട്ടുള്ളത് ആ തുക വളരെ അപര്യാപ്തമാണ്. 15 കിലോ വരെയുള്ള പന്നികള്‍ക്ക് 2200 രൂപയാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. അതിന് കര്‍ഷകര്‍ക്ക് ന്യായമായി ലഭിക്കേണ്ട തുക 4000 രൂപയാണ്. 40 കിലോ വരെയുള്ള ഇടത്തരം പന്നികള്‍ക്ക് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത് 5800 രൂപയാണ് അതിന് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കുറഞ്ഞ തുക 8000 രൂപ കിട്ടിയാല്‍ മാത്രമേ നഷ്ടമില്ലാതെ കര്‍ഷകര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. ഗര്‍ഭിണികളായ പന്നികള്‍ക്ക് കര്‍ഷകര്‍ ആവശ്യപ്പെടുന്നത് 30000 രൂപയാണ് എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത് 8400 രൂപ മാത്രമാണ്. ഇണചേര്‍ക്കുന്നതിനുള്ള ബോറുകള്‍ക്ക് 12000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത് എന്നാല്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നത് 60,000 രൂപയാണ്. അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക വളരെ അപര്യാപ്തമാണ്. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധയിനം പന്നികളുടെ വിലകള്‍ പുതുക്കി നിശ്ചയിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും പോരായ്മ വരുന്ന തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയും വേണം. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒന്നും തന്നെ ചെയ്യുന്നില്ല എന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. അതോടൊപ്പം രോഗവുമായി ബന്ധപ്പെട്ട് കൃത്യമായിട്ടുള്ള വിവരവും അതിന്റെ പ്രതിരോധവും ഉള്‍പ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് പ്രോട്ടോകോള്‍ തയ്യാറാക്കി കൃത്യതയോട് കൂടി നല്‍കാനുള്ള നടപടി സ്വീകരിക്കുകയും, ഈ വിഷയവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ ഉന്നതതല സംഘം സന്ദര്‍ശിച്ച് കര്‍ഷകരുടെ ആശങ്ക അകറ്റാനും, ബാങ്കുകളില്‍ നിന്നും, കുടുംബശ്രീയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കടം വാങ്ങി ആരംഭിച്ച സംരഭം തകര്‍ന്ന് പോയതിനാല്‍ കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടക്കാനാകാതെ വലിയ പ്രതിസന്ധിയിലാണ്. കര്‍ഷകര്‍ക്ക് വന്ന നഷ്ടം പൂര്‍ണ്ണമായി നികത്താനും വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *