പ്രതിഭകളായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് എം എൽ എ ഓ ആർ കേളു പറഞ്ഞു.. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പ്രതിഭകളായ കുട്ടികൾക്ക് നൽകി വരുന്ന പ്രതിഭാമരപ്പട്ടം അവാർഡ് വയനാട് വെള്ളമുണ്ടയിലെ കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ പണിയ വിഭാഗം ഗോത്രവിദ്യാർത്ഥി അർജുനന് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിഭകളായ
കുട്ടികളെ പ്രകൃതിയുടെ പ്രചാരകാരക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവാർഡ് നൽകിവരുന്നത്. ഫലകവും പ്രശസ്തി പത്രവും പതിനായിരം രൂപയുടെ സമ്മാനങ്ങളും ജീ ആർട്ട് ഓഫ് ഇംഗ്ലീഷ് സ്പീച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അയ്യായിരം രൂപയുടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ എൻട്രി പാസുമാണ് അവാർഡ്.ഈ അവാർഡ് ലഭിക്കുന്ന ആദ്യത്തെ ഗോത്രവർഗ വിദ്യാർത്ഥി കൂടിയാണ് അർജുൻ. വിദ്യാലയത്തിലെ വിശ്രമ വേളയിൽ അർജുൻ വെറും ബ്ലാക്ക് ബോർഡിൽ വരച്ച ചിത്രങ്ങൾ കേരളക്കരയാകെ ചർച്ചയായിരുന്നു.
വെള്ളമുണ്ട സിറ്റി ആഡിറ്റോറിയത്തിൽ കൂടിയ ചടങ്ങിൽ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ അധ്യക്ഷനായ യോഗത്തിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജീ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സ്വാഗതം പറഞ്ഞു. പനമരം ഗ്രാമപഞ്ചായത്തംഗം ബെന്നി ചെറിയാൻ സംസാരിച്ചു.