ന്യൂഡൽഹി: രാജ്യത്ത് അതിവേഗ ഇന്റർനെറ്റിന് വഴിയൊരുക്കുന്ന 5ജി സ്പെക്ട്രം (റേഡിയോ തരംഗം) ലേലത്തിൽ ഏറ്റവുമധികം സ്പെക്ട്രം സ്വന്തമാക്കി മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ. ആകെ സ്പെക്ട്രത്തിൽ പകുതിയും പിടിച്ചത് ജിയോയാണ്. മുടക്കിയത് 88,078 കോടി രൂപ. സുനിൽ ഭാരതി മിത്തലിന്റെ എയർടെൽ 43,084 കോടി രൂപ മുടക്കി 19,867 മെഗാഹേട്സ് സ്പെക്ട്രം സ്വന്തമാക്കി.
വോഡഫോൺ -ഐഡിയ 18,784 കോടിയാണ് ചെലവഴിച്ചത്. ടെലികോം രംഗത്ത് പുതുമുഖമായ അദാനി ഗ്രൂപ് സ്വന്തം നെറ്റ്വർക്കിനായി 26 ജിഗാഹേട്സ് സ്പെക്ട്രവും കൂടാതെ 400 മെഗാഹേട്സ് സ്പെക്ട്രവും വാങ്ങി. ആകെ ലേലത്തിൽവെച്ച സ്പെക്ട്രത്തിന്റെ ഒരു ശതമാനം മാത്രമാണ് അദാനി നേടിയത്. 212 കോടി രൂപ ഇതിനായി മുടക്കി. ഏറ്റവും ശേഷിയുള്ള 700 മെഗാഹേട്സ് അടക്കം വിവിധ തരംഗദൈർഘ്യത്തിലുള്ള സ്പെക്ട്രം ജിയോ സ്വന്തമാക്കിയിട്ടുണ്ട്.
ആറ്-പത്ത് കിലോമീറ്റർ വരെ സിഗ്നൽ ലഭിക്കുന്നതാണ് 700 മെഗാഹേട്സ് സ്പെക്ട്രം. ഒരു പട്ടണം മുഴുവൻ 5ജി ലഭ്യമാക്കാൻ ഈ ബാൻഡിലെ സ്പെക്ട്രത്തിന് സാധിക്കും. ഏഴ് ദിവസമായി തുടർന്ന് തിങ്കളാഴ്ച അവസാനിച്ച ലേലത്തിൽ ഒന്നര ലക്ഷം കോടി രൂപയുടെ (1,50,173 കോടി) സ്പെക്ട്രം വിറ്റുപോയി. 10 ബാൻഡുകളിലായി 72,098 മെഗാഹേട്സ് സ്പെക്ട്രം ലേലത്തിൽ വെച്ചതിൽ 51,236 മെഗാഹേട്സ് ആണ് കമ്പനികൾ സ്വന്തമാക്കിയത് (71 ശതമാനം). ടെലികോം കമ്പനികളിൽനിന്ന് ആദ്യവർഷം സർക്കാറിന് 13,365 കോടി രൂപ ലഭിക്കുമെന്നും ഒക്ടോബറോടെ രാജ്യത്ത് 5ജി ആരംഭിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.