കഅ്ബയെ പുതിയ കിസ്വ അണിയിച്ചു; മുഹറം ഒന്നിന് ചരിത്രത്തിലാദ്യം

International

പുതിയ ഹിജ്‌റ വര്‍ഷ പിറവിയില്‍ മക്കയില്‍ കഅ്ബയെ പുതിയ കിസ്വ അണിയിച്ചു. കിങ് അബ്ദുള്‍ അസീസ് കിസ്വ കോംപ്ലക്‌സില്‍ നിന്നാണ് പുതിയ കിസ്വ എത്തിച്ചത്. 166 സാങ്കേതിക വിദഗ്ധരും കരകൗശല വിദഗ്ധരും ചേര്‍ന്നാണ് പുതിയ കിസ്വ അണിയിച്ചത്. നാല് മണിക്കൂറുകള്‍ നീണ്ട ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. (Saudi Arabia replaces Kaaba’s Kiswa on Muharram 1)

കിങ് അബ്ദുള്‍ അസീസ് കിസ്വ കോംപ്ലക്‌സില്‍ നിന്നുള്ള സംഘമാണ് പുതിയ കിസ്വ അണിയിച്ചത്. ചടങ്ങുകള്‍ക്ക് ഇരുഹറം കാര്യാലയ മേധാവി ഡോ അബ്ദുറഹ്മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കി. ചരിത്രത്തിലാദ്യമായാണ് കിസ്വ മുഹ്‌റം ഒന്നിന് മാറ്റുന്നത്. ദുല്‍ഹജ്ജ് ഒമ്പതിനാണ് സാധാരണയായി ഈ ചടങ്ങുകള്‍ നടക്കാറുള്ളത്. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് മുഹ്‌റം ഒന്നിന് കഅ്ബയെ പുതിയ കിസ്വ അണിയിക്കാന്‍ തീരുമാനിച്ചത്.

മുഹമ്മദ് നബിയും സ്വഹാബികളും ചെയ്തുവന്ന ചടങ്ങുകളാണിതെന്നാണ് വിശ്വാസം. ഖുര്‍ആന്‍ സൂക്തങ്ങളും ഇസ്ലാമിക കരകൗശലവേലകളുമാണ് കിസ്വയിലുണ്ടാകുക. കിസ്വ നിര്‍മിക്കാന്‍ ഏകദേശം 850 കിലോ പട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. ഇവ പൂര്‍ണമായും കറുത്ത ചായം പൂശും. 120 കിലോ സ്വര്‍ണവും 100 കിലോ വെള്ളിയും കിസ്വയുടെ നിര്‍മാണത്തിനായി ഉപയോഗിക്കും. കിസ്വയ്ക്ക് 14 മീറ്റര്‍ ഉയരമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *