ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. സംഭവത്തില്‍ ഹെഡ് മാസ്റ്ററടക്കം പത്ത് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. യുപിയിലെ ഹാത്രസ് ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് സംഭവം. കുട്ടി ക്ലാസില്‍ ഉറങ്ങുന്നത് ശ്രദ്ധിക്കാതെയാണ് ജീവനക്കാര്‍ മുറി പൂട്ടിയത്.
ഹാത്രസ് ജില്ലയിലെ നഗ്ല പ്രദേശത്തുള്ള സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രേം പ്രകാശാണ് ക്ലാസില്‍ ഉറങ്ങിപ്പോയത്. ഇത് ശ്രദ്ധിക്കാതെ ജീവനക്കാര്‍ ക്ലാസ് മുറി പൂട്ടുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ ഉറക്കമുണര്‍ന്ന കുട്ടി കരഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടിയുടെ നിലവിളി കേട്ട് അയല്പക്കത്തുള്ളവര് സ്കൂളിന് ചുറ്റും തടിച്ചുകൂടിയപ്പോഴാണ് ക്ലാസ് മുറി പൂട്ടിയ നിലയില്‍ കണ്ടത്. അതിനിടെ കുട്ടിയുടെ പിതാവ് സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവം പുറത്തുവന്നയുടന്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിട്ടു. പിന്നാലെയാണ് പ്രധാന അധ്യാപകരടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്തത്. ഇവരുടെ ഒരു മാസത്തെ ശമ്പളവും തടഞ്ഞിട്ടുണ്ട്.