പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവം; വടകര എസ് ഐ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

Kerala

കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര എസ് ഐ ഉൾപ്പെടെ 3 പേർക്ക് സസ്പെൻഷൻ. വടകര എസ്ഐ നിജേഷ്, എഎസ്ഐ അരുൺ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവർക്കാണ് സസ്പെൻഷൻ. ഡിഐ ജി രാഹുൽ നായർ ആണ് സസ്പെൻഷന് ഉത്തരവിട്ടത്.

യുവാവ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധു രംഗത്തെത്തിയിരുന്നു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മര്‍ദിച്ചെന്നാണ് ബന്ധു പറയുന്നത്. മര്‍ദനത്തെ സജീവനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചോദ്യം ചെയ്തിട്ടും പൊലീസ് മര്‍ദനം അവസാനിപ്പിക്കാന്‍ തയാറായില്ല. നെഞ്ചുവേദനയുണ്ടെന്ന് സജീവന്‍ ആവര്‍ത്തിച്ചിട്ടും പൊലീസ് വൈദ്യസഹായം എത്തിച്ചില്ലെന്നും ബന്ധു
പറഞ്ഞു

വാഹനാപകട കേസില്‍ കസ്റ്റഡിയിലെടുത്ത ആളെ മര്‍ദിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ പൊലീസ് അവരെക്കൂടി മര്‍ദിക്കുകയാണ് ചെയ്തത്. എസ്‌ഐയും കോണ്‍സ്ട്രബിളും ചേര്‍ന്ന് സജീവനേയും സുഹൃത്തുക്കളേയും മര്‍ദിച്ചെന്നാണ് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. മര്‍ദനമേറ്റപ്പോഴാണ് സജീവേട്ടന് നെഞ്ചുവേദനയുണ്ടായത്. ഇത് പൊലീസിനോട് പറഞ്ഞപ്പോള്‍ ഗ്യാസായിരിക്കും എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. സ്റ്റേഷന്‍ വളപ്പില്‍ തന്നെ കുഴഞ്ഞുവീണിട്ടും ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകാനോ വാഹനം ഏര്‍പ്പാട് ചെയ്യാനോ പൊലീസ് തയാറായില്ല’. ബന്ധു പറഞ്ഞു.

വാഹനം തട്ടിയ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. വടകര സ്റ്റേഷന്‍ വളപ്പില്‍ തന്നെയാണ് ഇയാള്‍ കുഴഞ്ഞുവീണത്. ഇയാള്‍ വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ സജീവന്‍ മരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സജീവന്റെ വാഹനം മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് വടകര പൊലീസ് പറഞ്ഞു. എന്നാല്‍ സജീവനെ ഉടന്‍ തന്നെ വിട്ടയച്ചെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലെടുത്തയുടന്‍ തനിക്ക് നെഞ്ചുവേദനയെടുക്കുന്നുവെന്ന് സജീവന്‍ തന്നെ പൊലീസിനോട് പല പ്രാവശ്യം പറഞ്ഞിരുന്നെന്ന് സജീവനൊപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *