ജി.എസ്.ടിയിലെ മാറ്റങ്ങളും ഭേദഗതികളും ചർച്ച ചെയ്ത് ജി.എസ്.ടി സെമിനാർ
ജി.എസ്.ടിയിൽ വന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് ചരക്ക് സേവന നികുതി വകുപ്പ് എൻ്റെ കേരളം പ്രദർശന നഗരിയിൽ നടത്തിയ സെമിനാർ ശ്രദ്ധേയമായി.സെമിനാറിൻ്റെ ഉദ്ഘാടനം ജോയിൻ്റ് കമ്മീഷണർ ഓഫ് സ്റ്റേറ്റ് ടാക്സ് പി.സി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കമ്മീഷണർ കെ.സി ജയദേവൻ അധ്യക്ഷത വഹിച്ചു. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കെ. ഗിരീഷ് കുമാർ സെമിനാറിൽ വിഷയാവതരണം നടത്തി. കേരളം ഉപഭോക്തൃ സംസ്ഥാനമായിട്ടും ജി.എസ്.ടിയിൽ നിന്നും കാര്യമായ വരുമാനം ലഭിക്കാത്തതിൻ്റെ കാരണം സെമിനാർ വിശദമായി ചർച്ച ചെയ്തു. ജി.എസ്.ടി നിയമം, ജി.എസ്.ടി ഗുണഭോക്താക്കൾ, നിലവിൽ ഇതുവരെയുള്ള ജി.എസ്.ടി വരുമാനം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. ബില്ലുകൾ ചോദിച്ച് വാങ്ങേണ്ടതിൻ്റെ ആവശ്യകതയും ജി.എസ്.ടിയുമായി ബന്ധപ്പെട്ട് വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളും സെമിനാർ ചർച്ച ചെയ്തു. അനധീകൃത നികുതി പിരിവ് തടയാൻ സാധിക്കുന്ന ടാക്സ് പേയർ കാർഡ്, ഇവേ ബിൽ ,ഇ ഇൻവോയിസ് എന്നിവ വിഷയങ്ങളായി സെമിനാറിൽ അവതരിപ്പിച്ചു. ജി.എസ്.ടിയിലെ ക്യു.ആർ.എം.പി യോടനുബന്ധിച്ച് നിലവിൽ വന്ന പുതിയ ഭേദഗതികൾ സെമിനാറിൽ ചർച്ചയായി. 2022 മുതൽ നികുതികളിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും സെമിനാർ വിശദമായി ചർച്ച ചെയ്തു.അസി: സ്റ്റേറ്റ് ടാക്സ് ഓഫീസർ കെ.അർ പ്രീതി, കെ മണിരഥൻ, എം.എ ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.