മുംബൈ: മൂന്നുമാസത്തെ തുടർച്ചയായ വൻ നഷ്ടം നികത്തി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ. മാർച്ചിൽ മാത്രം 1.2 ദശലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് ലഭിച്ചത്. ഇതോടെ ജിയോയ്ക്ക് അകെ വരിക്കാർ 404 ദശലക്ഷമായി. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് ഈ മാസം 2.8 ദശലക്ഷത്തിലധികം ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്. എന്നാൽ 2.2 ദശലക്ഷം ഉപഭോക്താക്കളുമായി എയർടെൽ മുന്നേറ്റം തുടരുന്നുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്) പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
ഫെബ്രുവരിയിൽ ജിയോയ്ക്ക് 3.6 മില്യൺ ഉപഭോക്താക്കളെ നഷ്ടപ്പെട്ടിരുന്നു. അതേസമയം തന്നെ വോഡഫോൺ ഐഡിയയ്ക്ക് 1.5 മില്യൺ ഉപഭോക്താക്കളെയും നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ താരിഫ് വർധനയെ തുടർന്നാണ് വലിയ തോതിലെ കൊഴിഞ്ഞുപോക്കുണ്ടായത്. പ്രമുഖ ടെലികോം കമ്പനികളെല്ലാം 20 മുതൽ 25 ശതമാനം വരെ താരിഫ് ഉയർത്തിയിരുന്നു.
തുടർന്ന് റിലയൻസ് ജിയോക്ക് വരിക്കാരുടെ എണ്ണത്തിൽ നേരിട്ടത് വൻ ഇടിവായിരുന്നു. ഡിസംബറിൽ 1.29 കോടി പേരാണ് ജിയോ ഉപേക്ഷിച്ചതെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. അതേസമയം ഡിസംബറിൽ എയർടെലിന് 4.5 ലക്ഷം വരിക്കാരുടെ വർധനവുണ്ടായി. 23 ശതമാനം വിപണി വിഹിതമുള്ള വൊഡഫോൺ ഐഡിയയ്ക്ക് 16 ലക്ഷം വരിക്കാരെ ഡിസംബർ മാസത്തിൽ മാത്രം നഷ്ടപ്പെട്ടു. രാജ്യത്തെ വയൽലെസ് ടെലികോം വരിക്കാരുടെ എണ്ണം 2021 നവംബറിൽ 1167.5 ദശലക്ഷമായിരുന്നു. ഇത് ഡിസംബറിൽ 1154.62 ദശലക്ഷമായി കുറഞ്ഞു. 1.10 ശതമാനമാണ് ഒരു മാസത്തിനിടെയുണ്ടായ കുറവ്.