കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി വാഗമൺ വഴി മൂന്നാറിലേക്ക് മേയ് 26ന് സഞ്ചാരപ്രേമികൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഉല്ലാസ യാത്രയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. രാവിലെ 5.10 നാണ് ബസ് പുറപ്പെടുക. കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, ഏലപ്പാറ, വാഗമൺ വഴിയാണ് മൂന്നാറിലെത്തുക. ആദ്യ ദിനം മൂന്നാറിൽ യാത്ര അവസാനിക്കും. 27ന് രാവിലെ 8.30ന് മൂന്നാറിൽ നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 7ന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര
വഴി 28 പുലർച്ചെ 2ന് കൊല്ലത്ത് എത്തിച്ചേരും. 1150 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫോൺ: 8921950903, 9496675635.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴ്നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത നിരവധി ബംഗ്ലാവുകളും മൂന്നാറിലുണ്ട്. 2000ത്തിലാണ് കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചത്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതലായി ഇവിടെയെത്താറ്. ഇരവികുളം നാഷണൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഇവിടത്തെ പ്രധാന ആകർഷണം.