ചരിത്ര വിധിയുമായി സുപ്രീംകോടതി. രാജ്യദ്രോഹ നിയമം സുപ്രീംകോടതി മരവിപ്പിച്ചു. പുനപരിശോധന പൂർത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നും കോടതി അറിയിച്ചു.
നിലവിൽ രാജ്യദ്രോഹ കേസിൽ ജയിലിലുള്ളവർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുത്. പുന പരിശോധന വരെ വകുപ്പ് പ്രയോഗിക്കരുത് എന്നാണ് കോടതിയുടെ നിർദേശം. സംസ്ഥാനങ്ങളും കേന്ദ്രവും ഇനി രാജ്യ ദ്രോഹക്കേസുകൾ ചുമത്തരുതെന്നും കോടതി നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. കേന്ദ്രം നിയമം പുനപരിശോധിക്കാമെന്നറിയിച്ചതിനാലാണ് തീരുമാനം. രാജ്യദ്രോഹക്കേസിൽ 13,000 പേർ ജയിലിലുണ്ടെന്നാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്.
അതേസമയം, രാജ്യദ്രോഹകേസുകൾ മരവിപ്പിക്കരുതെന്നാണ് കേന്ദ്രം സുപ്രിംകോടതിയിൽ അറിയിച്ച നിലപാട്. നേരത്തെയുള്ള കേസുകളിൽ തീർപ്പ് കൽപ്പിക്കേണ്ടത് കോടതികളാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള കേസുകൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയാണ് സുപ്രിംകോടതിയുടെ ചരിത്ര വിധി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124എ വകുപ്പ് പ്രകാരമാണ് രാജ്യദ്രോഹം കുറ്റകരമാകുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് 1870ൽ ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയതാണ് 124എ. പൊതുസമാധാനത്തെ ബാധിക്കുന്നതോ അക്രമത്തിലൂടെ ക്രമസമാധാനം തകർക്കുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ ആയ പരാമർശങ്ങൾ, എഴുത്തുകൾ, മറ്റ് ആവിഷ്‌കാരങ്ങൾ എന്നിവയാണ് രാജ്യദ്രോഹമാകുന്നത്. ജീവപര്യന്തം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിത്. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികളും വിവിധ മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.