പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇടുക്കിയിൽ നിന്ന് തമിഴ്നാട്ടിലെത്തിച്ച് ബലമായി വിവാഹം നടത്തുന്നു.. ഇവർക്ക് എതിരെ ഇനി മുതൽ മനുഷ്യക്കടത്തിന് കേസ് എടുക്കും. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ വിളിച്ചു ചേർത്ത വിവിധ വകുപ്പകളിലെ ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗത്തിലാണ് ഈ തീരുമാനം. ശൈശവ വിവാഹം സംബന്ധിച്ച വിവരങ്ങൾ നൽകിയാൽ 2500 രൂപ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസ് പാരിതോഷികവും നൽകും.
ഇടുക്കിയിൽ ഓരോ വർഷവും ഇരുപതോളം ശൈശവ വിവാഹങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഭൂരിഭാഗവും ചൈൽഡ് ലൈനും പൊലീസും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചേർന്ന് തടയാറുണ്ട്. ഇതെല്ലാം മറികടക്കാൻ കുട്ടികളെ തമിഴ്നാട്ടിലെത്തിച്ച് വിവാഹം നടത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് തടയാനാണ് പുതിയ നടപടി.
ജില്ലയിലെ 10 പഞ്ചായത്തുകളിലാണ് ശൈശവ വിവാഹങ്ങൾ കൂടുതൽ നടക്കുന്നത്. ലോക്ക്ഡൌൺ കാലത്ത് നടന്ന ഏഴു വിവാഹങ്ങളെ സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തും. ഇവർ എവിടെയെന്ന് കണ്ടെത്താൻ അന്വേഷണമുണ്ടാകും. തോട്ടം മേഖലയിലെ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞു പോകുന്ന കുട്ടികളുടെ വിവാഹമാണ് ഇത്തരത്തിൽ നടത്തുന്നത്. അതിനാൽ കൊഴിഞ്ഞു പോക്ക് തടയാനും ഇവരെ തിരികെ എത്തിക്കാനും നടപടിയെടുക്കും.
പഞ്ചായത്ത് തല ബോധവത്കരണം, സ്കൂളുകളിൽ പ്രൊട്ടക്ഷൻ യൂണിറ്റുകളുടെയും ജാഗ്രത സമിതികളുടെയും രൂപീകരണം, കുട്ടികളുടെ അവകാശ സംരക്ഷണം, ബാലവേല തടയൽ എന്നീ കാര്യങ്ങളും അടിയന്തിരമായി നടപ്പാക്കും. ശൈശവ വിവാഹം സംബന്ധിച്ച രഹസ്യന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇൻറലിജൻസ് ഏഡിജിപിയും റിപ്പോർട്ട് തേടിയിട്ടുണ്ട്.