തരിയോട്: പെന്‍സില്‍ കാര്‍വിങ്ങില്‍ അല്‍ഭുതം തീര്‍ക്കുകയാണ് തരിയോട് സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ബിബിന്‍ തോമസ്. 25 ഇന്ത്യന്‍ യുദ്ധ വിമാനങ്ങളുടെ പേര് മൈക്രോ ആര്‍ട്ടിലൂടെ പെന്‍സിലില്‍ കൊത്തി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയും ചെയ്തിരിക്കുകയാണ് ഈ മിടുക്കന്. ലോക്ഡൗണ്‍ സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ കണ്ട പെന്‍സില്‍ കാര്‍വിങ് കഠിന പ്രയത്നത്തിലൂടെ സ്വായത്തമാക്കിയ ബിബിന്‍ പത്ത് മണിക്കൂര്‍ സമയമെടുത്താണ് റെക്കോര്‍ഡിന് കാരണമായ സൃഷ്ടികള്‍ തയ്യാറാക്കിയത്. വ്യത്യസ്തമായ മേഖല തിരഞ്ഞെടുത്ത് ഈ റെക്കോര്‍ഡിന് നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സമയ ബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയാണ് ഈ അംഗീകാരം നേടിയത്.
ചിത്ര രചനക്ക് ഉപയോഗിക്കുന്ന 10B പെന്‍സിലിലാണ് ഏറെ ഏകാഗ്രതയോടെ ചെയ്യേണ്ടുന്ന ഈ സൃഷ്ടികള്‍ ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് അവരുടെ പേരും ചിഹ്നങ്ങളുമൊക്കെ പെന്‍സില്‍ കാര്‍വിങ്ങില്‍ ചെയ്ത് കൊടുത്ത് ചെറിയ വരുമാനവും ലഭിക്കുന്നുണ്ട് ബിബിന്‍. പെന്‍സില്‍ മൈക്രോ ആര്‍ട്ടിലെ സംസ്ഥാന തല കൂട്ടായ്മയായ കേരള പെന്‍സില്‍ കാര്‍വേഴ്സിലെ അംഗമായതോടെ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ട കലാ രൂപങ്ങള്‍ ചെയ്യുന്നതിനും അവസരം ലഭിച്ചു. സംഘടനയുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ ഈ കലയില്‍ വലിയ പ്രചോദനമായി. തരിയോട് തടത്തില്‍ പുത്തന്‍പുര തോമസ് ബിന്ദു ദമ്പതികളുടെ മകനാണ് മംഗലാപുരം അജിംസ് കോളേജിലെ അവസാന വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ബിബിന്‍. ഏക സഹോദരി ഫെമിമോള്‍ തോമസ്..