ഇന്ധനവില വർധിച്ചു;കൊച്ചിയിൽ ഡീസൽ വില നൂറിനരികെ എത്തി

Kerala

രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 87 പൈസയും ഡിസലിന് 84 പൈസയുമാണ് കൂട്ടിയത്.. പുതുക്കിയ വില പ്രകാരം കൊച്ചിയിൽ പെട്രോളിന് 112 രൂപ 15 പൈസയും ഡിസലിന് 99 രൂപ 13 പൈസയുമായി ഉയർന്നു.

മാർച്ച് 22 ന് ശേഷം ഇത് എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്. പത്ത് ദിവസത്തിനുള്ളിൽ പെട്രോളിന് 7 രൂപ 85 പൈസയും ഡീസലിന് 7 രൂപ 58 പൈസയുമാണ് കൂടിയത്.

അതേസമയം, റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുൻപ് പറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിൽ റഷ്യയുക്രൈൻ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിൽ ലഭ്യമായ എണ്ണയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 2004 മുതൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. രാജ്യത്തിനായി ആവശ്യമായ ഇന്ധനം സ്വന്തമായി ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. 40,000 കോടി രൂപയുടെ എഥനോൾ, മെഥനോൾ, ബയോ എഥനോൾ ഉത്പാദന സമ്പദ്‌വ്യവസ്ഥ ഇന്ത്യയ്ക്ക് ഉടൻ തന്നെയുണ്ടാകും. ഇത് പെട്രോളിയം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. ഫ്‌ളെക്‌സ്ഫ്യുവൽ എഞ്ചിനുകളുള്ള വാഹനങ്ങൾ നിർമിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ മുൻനിര കാർ, ഇരുചക്രവാഹന നിർമ്മാതാക്കൾ, അവ വരും മാസങ്ങളിൽ പുറത്തിറങ്ങും’. അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *