മെസി ബാഴ്‌സയിൽ തുടരും, സുവാരസ് അയാക്‌സിലേക്ക്; കൈയൊഴിഞ്ഞ് ബാഴ്‌സ

General

2014 മുതൽ ബാഴ്‌സലോണയുടെ തുറുപ്പുചീട്ടായിരുന്ന ലൂയി സുവാരസ് ഡച്ച് ക്ലബായ അയാക്‌സിലേക്ക്. സുവാരസ് അയാക്‌സിലേക്ക് തന്നെയെന്ന് ഏറെക്കുറെ ഉറപ്പായി. സുവാരസിനെ വിൽക്കാൻ തയ്യാറാണ് ബാഴ്‌സലോണയും. ഏകദേശം 15 മില്യൺ യൂറോയ്‌ക്ക് അയാക്‌സ് സുവാരസിനെ ലേലത്തിൽ വിളിക്കുമെന്നാണ് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുവാരസിനെ ബാഴ്‌സ കെെയൊഴിയുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.മുൻപ് അയാക്‌സിൽ കളിച്ചിട്ടുള്ള താരമാണ് സുവാരസ്. 2007-2011 കാലഘട്ടത്തിൽ അയാക്‌സിനു വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ച സുവാരസ് 80 ൽ അധികം ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അയാക്‌സിൽ നിന്നു ലിവർപൂളിലേക്കും അവിടെ നിന്ന് ബാഴ്‌സയിലേക്കും പിന്നീട് ചേക്കേറി. ബാഴ്‌സലോണയിൽ മെസി കഴിഞ്ഞാൽ പിന്നെ കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് സുവാരസ്.മോശം പ്രകടനത്തിൽ അടിതെറ്റി നിൽക്കുന്ന ബാഴ്‌സ അടിമുടി മാറ്റത്തിനായുള്ള തയ്യാറെടുപ്പിലാണ്. മോശം ഫോമാണ് സുവാരസിനു വിനയായത്. അതേസമയം, മെസിയെ ബാഴ്‌സ നിലനിർത്തും. ബാഴ്‌സയിൽ കളിച്ചുകൊണ്ട് കരിയർ അവസാനിപ്പിക്കാനാണ് മെസി ആഗ്രഹിക്കുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യോ പറഞ്ഞിരുന്നു.ടീം അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി റൊണാൾഡോ കൊമാനെ നിയോഗിച്ചത് കഴിഞ്ഞ ദിവസമാണ്. 2022 വരെ ബാഴ്‌സയുടെ മുഖ്യപരിശീലകനായിരിക്കും കൊമാൻ. നിലവിൽ ഡച്ച് പരിശീലകനായ കൊമാന്റെ വരവ് ബാഴ്‌സയ്‌ക്ക് പഴയ പോരാട്ടവീര്യം തിരിച്ചെടുക്കാൻ സഹായകമാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. 2022 ജൂൺ 30 വരെ റൊണാൾഡോ കൊമാൻ ബാഴ്‌സയുടെ മുഖ്യപരിശീലകനായിരിക്കുമെന്ന് ഔദ്യോഗിക കരാറിൽ പറയുന്നു. കൊമാന്റെ സാന്നിധ്യം ടീമിനു പുത്തനുണർവ് നൽകുമെന്ന് ബർതോമ്യോ പറയുന്നു.മാനേജരെന്ന നിലയിൽ 20 വർഷത്തിലേറെ പരിചയവും കരിയറിൽ എട്ട് കിരീടങ്ങളും ഉള്ള താരമാണ് കൊമാൻ. പ്രീമിയർ ലീഗ്, ലാ ലിഗ, ഡച്ച് ലീഗ്, പോർച്ചുഗീസ് ലീഗ്, കൂടാതെ നെതർലൻഡ്‌സിനൊപ്പം അന്താരാഷ്ട്ര വേദിയിലും പരിശീലനം നൽകിയ ശേഷമാണ് കൊമാൻ ബാഴ്‌സലോണ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *