ന്യൂഡല്‍ഹി: പശ്ചിമേശ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്യുവല്‍ സര്‍ചാര്‍ജ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ആഭ്യന്തര, അന്താരാഷ്ട്ര ശ്യംഖലകളില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതോടെ വിമാനനിരക്കില്‍ വര്‍ധനയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്.
മൂന്ന് ഘട്ടങ്ങളിലായാണ് സര്‍ചാര്‍ജ് നടപ്പിലാക്കുകയെന്നാണ് അറിയിപ്പ്. എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്ന സര്‍വീസുകളിലും ഈ സര്‍ചാര്‍ജ് ബാധകമാകുമെന്ന് എയര്‍ലൈന്‍ ഗ്രൂപ്പ് അറിയിച്ചു. ഗള്‍ഫ് മേഖലയിലെ വിതരണ തടസ്സങ്ങളെത്തുടര്‍ന്ന് 2026 മാര്‍ച്ച് ആദ്യം മുതല്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വിലയില്‍ വലിയ വര്‍ധനയുണ്ടായതുകൊണ്ടാണ് ഈ വര്‍ധന നടപ്പാക്കുന്നതെന്ന് എയര്‍ലൈന്‍ അറിയിച്ചു.
ഘട്ടം 1: ആഭ്യന്തര വിമാനങ്ങള്‍ക്കും സാര്‍ക്ക് രാജ്യങ്ങളിലേക്കുള്ള റൂട്ടുകള്‍ക്കും ടിക്കറ്റിന് 399 രൂപ നിരക്ക് വര്‍ധിക്കും.
ഘട്ടം 2: പശ്ചിമേഷ്യ (10 ഡോളര്‍), തെക്കുകിഴക്കന്‍ ഏഷ്യ (20 ഡോളര്‍), ആഫ്രിക്ക (30 ഡോളര്‍) ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര റൂട്ടുകളില്‍ സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കും.
ഘട്ടം 3: ഹോങ്കോങ്, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ വിദൂര കിഴക്കന്‍ രാജ്യങ്ങളിലേക്കും പിന്നീട് സര്‍ചാര്‍ജ് വ്യാപിപ്പിക്കും, വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.
ഘട്ടം 1, ഘട്ടം 2 എന്നിവയില്‍ സര്‍ചാര്‍ജ് നടപ്പാക്കുന്നുണ്ടെന്നും ഘട്ടം 3 പിന്നീട് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും എയര്‍ലൈന്‍ പറഞ്ഞു.
സര്‍ചാര്‍ജ് നടപ്പാക്കുന്നതിന് മുമ്പ് നല്‍കിയ ടിക്കറ്റുകള്‍ക്ക് ഇത് ബാധിക്കില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി, യാത്രക്കാര്‍ അവരുടെ യാത്രാ തീയതികളിലോ ടിക്കറ്റിലോ മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കില്‍ മാത്രം. പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ചാര്‍ജ് ആവശ്യമാണെന്ന് എയര്‍ ഇന്ത്യ പറഞ്ഞു.