കേരളത്തിന്റെ സോഷ്യലിസ്റ്റ് ആചാര്യന്‍ എം പി വീരേന്ദ്രകുമാര്‍ സ്‌കൂള്‍ പഠനകാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തയാളാണ്. ആ ഒരു ആകസ്മികത എന്റെ എളിയ ജീവിതത്തിലും നേരിയ വ്യത്യാസത്തിൽ ആവര്‍ത്തിച്ചത് ഏറെ അഭിമാനത്തോടെയാണ് മനസ്സില്‍ സൂക്ഷിക്കുന്നത്.
പ്ലസ്ടു പഠനം പൂർത്തിയായതിന് ശേഷം 2006 ൽ ബിരുദപഠനാരംഭത്തിലാണ് ആണ് സോഷ്യലിസ്റ്റ് വിദ്യാർത്ഥി സംഘടനയിൽ ഞാനും മെമ്പർഷിപ്പ് എടുക്കുന്നത്. സോഷ്യലിസ്റ്റ് സ്റ്റുഡന്റ് സ് ഓർഗാനൈസേഷൻ മണ്ഡലം പ്രസിഡന്റ് പദവി ഏറ്റെടുത്തു കൊണ്ട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി മാറി.
2001 മുതൽ 2005 വരെയുള്ള കാലയളവിൽ പുരോഗമന വിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചതിന്റെ അറിവും അനുഭവവും കൂടുതൽ കരുത്തോടെ മികവോടെ മുന്നേറാൻ എന്നെ സഹായിച്ചിട്ടുണ്ട്.
ഒരു വയനാട്ടുകാരന്‍ എന്ന നിലയില്‍ ചെറുപ്പത്തിലേ കേള്‍ക്കുന്ന ജനകീയ നേതാവിന്റെ പേരാണ് എം പി വീരേന്ദ്രകുമാര്‍ എന്നത്. കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി നേരിട്ടുകാണുന്നതും ഘനഗംഭീരവും ആശയസമ്പുഷ്ടവുമായ ആ പ്രസംഗം കേള്‍ക്കുന്നതും. അന്ന് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നതിനാല്‍ ഗാന്ധി ക്ലബ് ഉദ്ഘാടനം ചെയ്യാന്‍ വീരേന്ദ്രകുമാര്‍ അല്ലാതെ മറ്റൊരു പേരിനെ കുറിച്ചും ആലോചിച്ചിരുന്നില്ല.അന്നത്തെ പ്രിൻസിപ്പൽ ആയിരുന്ന കെ.എ ആന്റണി മാഷാണ് എം.പി.വിയെ സ്കൂളിൽ എത്തിക്കുന്നതിന് മുൻകൈ എടുത്തത്. മനുഷ്യനെയും മണ്ണിനെയും ഒരുപോലെ സ്‌നേഹിക്കുകയും നിലനില്പിനും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുകയും പോരാടുകയും ചെയ്യുന്ന വയനാടിന്റെ ദേശീയ നേതാവിനെ അല്ലാതെ ആരെയാണ് വിദ്യാര്‍ഥികള്‍ക്ക് കേള്‍ക്കേണ്ടത്.
സംതൃപ്ത ജീവിതത്തിന് ഗാന്ധിയന്‍ ചിന്തകള്‍ എന്ന ശീര്‍ഷകത്തിലുള്ള കല്ലോടി സ്‌കൂളിലെ അദ്ദേഹത്തിന്റെ അന്നത്തെ പ്രസംഗം കേട്ടാണ് സോഷ്യലിസ്റ്റ് ആശയധാരയിലേക്ക് വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ ആകൃഷ്ടനാകുന്നതും പിന്നീട് പതുക്കെ പ്ലസ്ടു പഠനാനാന്തരം ചുവടുറപ്പിക്കുന്നതും ആ പാതയില്‍ ഉറച്ചുനിന്ന് പൊതുപ്രവര്‍ത്തനം നടത്തുന്നതും. ഇന്നത്തെ ജെന്‍സിയായിരുന്ന അന്നത്തെ ഞങ്ങള്‍ എന്നത് പ്രത്യേകം ഓര്‍ക്കണം. പിന്നീട് വീരേന്ദ്രകുമാറിന്റെ ലേഖനങ്ങളും പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുകയും വയനാട്ടിലും കണ്ണൂരും കോഴിക്കോടുമെല്ലാം പ്രഭാഷണങ്ങളും പാര്‍ട്ടി പരിപാടികളുമുണ്ടാകുമ്പോള്‍ ഒന്നുപോലും ഒഴിയാതെ നേരിട്ട് കേള്‍ക്കുകയും ചെയ്ത് സോഷ്യലിസ്റ്റ് ബോധ്യങ്ങള്‍ അരക്കിട്ടുറപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി സംഘടനയില്‍ അംഗത്വമെടുക്കുകയും നേതൃനിരയിലേക്ക് ഉയരുകയും ചെയ്തു.കല്ലോടി പ്ലസ്ടുവിലെ ആ പ്രഭാഷണത്തിലെ ഓരോ വാക്കും ഇന്നും ഹൃദയത്തില്‍ കല്ലുപോലെ കൊത്തിവെച്ചിട്ടുണ്ട്. റാം മനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനുമെല്ലാം ഒഴുകിപ്പരന്ന, ഗാന്ധിയന്‍ മൂല്യങ്ങള്‍ എങ്ങനെയാണ് നടപ്പുകാലത്തും പ്രസക്തമാകുന്നത് എന്നതുമെല്ലാം ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ലളിതമായി അവതരിപ്പിച്ച പ്രസംഗമായിരുന്നു അത്.
ഏത് പ്രായത്തിലുള്ളവര്‍ക്കും അയത്‌നലളിതമായി മനസ്സിലാക്കാവുന്ന രൂപത്തില്‍ വാക്കുകളുടെ പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. പ്രായമായവരും യുവാക്കളും കൗമാരക്കാരും ബുദ്ധിജീവികളും സാഹിത്യകാരന്മാരും അക്കാദമീഷ്യന്മാരും രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളുമെല്ലാം അദ്ദേഹത്തിന്റെ ഫാന്‍സായി മാറിയതില്‍ അത്ഭുതമില്ല. ഗാട്ടിന്റെ കാണാച്ചരടുകള്‍, രാമന്റെ ദുഃഖം, ഹൈമവത ഭൂവില്‍ അടക്കമുള്ള കാലാതീത ഗ്രന്ഥങ്ങള്‍ സൃഷ്ടിച്ച ഓളം ഇന്നും അടങ്ങിയിട്ടില്ലല്ലൊ. മലയാള ഭാഷയില്‍ ഇന്നോളം എഴുതിയ ഒരു യാത്രാവിവരണത്തിന് ആദ്യമായി 2010 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത് ഹൈമവതഭൂവിലിന് ആയിരുന്നല്ലോ. 2011 ഫെബ്രുവരി 15 നായിരുന്നു ആ അവാര്‍ഡ് എം.പി.വി ഏറ്റുവാങ്ങിയത്.
ആ അഭിമാന നിമിഷത്തിന് പതിനഞ്ച് ആണ്ട് പൂർത്തീകരിക്കപ്പെടുകയാണ്.
ഇന്നത്തെ രാഷ്ട്രീയ അതിപ്രസരം അക്കാദമി പുരസ്‌കാരങ്ങളിലേക്കും പടര്‍ന്നതിന്റെ ഫലമായി പള്‍പ്പ് സാഹിത്യങ്ങള്‍ക്ക് പോലും അത്തരം പുരസ്‌കാരം ലഭിക്കുന്ന രീതിയാണുള്ളത്. തൂലികയിലും പീഠത്തിലും സ്വന്തം വഴിവെട്ടിയ മഹാ പ്രതിഭയായിരുന്നു അദ്ദേഹം.
ഈ ആശയപ്രപഞ്ചം എങ്ങനെ രൂപപ്പെട്ടു എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. ചെറുപ്രായത്തിലേയുള്ള പരന്ന വായന. മാത്രമല്ല, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വേപഥു അറിയാനുള്ള സന്നദ്ധതയും ത്വരയും. വലിയൊരു ജന്മി കുടുംബത്തില്‍ ജനിച്ച് സോഷ്യലിസ്റ്റ് നേതാവായി എന്ന വൈരുധ്യത്തിനുള്ള ഉത്തരവും ഈ വായന തന്നെയാണ്. പിതാവ് പത്മപ്രഭാ ഗൗഡറുടെ കൈപിടിച്ചാണ് വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് മേല്‍വിലാസം പുല്‍കിയത്. സോഷ്യലിസ്റ്റ് നേതാവായിരുന്ന ഗൗഡര്‍ സ്വാതന്ത്ര്യപൂര്‍വകാലത്തേ മദ്രാസ് നിയമസഭാംഗവും ജെ പി, ലോഹ്യ അടക്കമുള്ളവരുടെ അടുത്ത സുഹൃത്തുമായിരുന്നു. ജെ പിയാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ വീരേന്ദ്രകുമാറിന് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുന്നത്. മരണം വരെ സോഷ്യലിസ്റ്റ് മൂല്യങ്ങളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാതെ സാര്‍ഥക ജീവിതം നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
പിതാവിന്റെ ഗ്രന്ഥശേഖരവും ജനങ്ങളെ അറിയാനുള്ള വാഞ്ഛയും വീരേന്ദ്രകുമാറെന്ന നേതാവിനെ രാകിമിനുക്കിയെടുത്തു. പുളിയാര്‍മലയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമ്പോഴെല്ലാം ആ ഗ്രന്ഥശേഖരം മനസ്സില്‍ വലിയ പൂതിയുണ്ടാക്കുമായിരുന്നു. എന്നെങ്കിലുമൊരു സവിശേഷ പുസ്തകം എഴുതാനായാല്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങളെ സാക്ഷിയാക്കി ആ ലൈബ്രറിയില്‍ വെച്ച് പ്രകാശനം ചെയ്യാന്‍ ഏറെ അഭിലഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് അതിന് സാധിച്ചില്ല. വിയോഗാനന്തരം, എന്റെ യാത്രാനുഭവ പുസ്തകമായ ‘രാപ്പാര്‍ത്ത നഗരങ്ങള്‍’ പുളിയാര്‍മലയിലെ ആ പുസ്തക ലോകത്തെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ പ്രിയപത്‌നി ഉഷ വീരേന്ദ്രകുമാറാണ് പ്രകാശനം ചെയ്തത്. വികേന്ദ്രീകൃത ആസൂത്രണം: ചിന്തയും പ്രയോഗവും എന്ന എന്റെ തദ്ദേശ പഠനഗ്രന്ഥം പ്രകാശനം ചെയ്തത് എം.വി ശ്രേയാംസ് കുമാറായിരുന്നു.
ഇങ്ങനെ വീരേന്ദ്രകുമാറിന്റെ കുടുംബവുമായും ആശയ ലോകവുമായും എന്നും ഒട്ടിനില്‍ക്കുന്ന ജീവിതരീതിയാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ പലവിധ രൂപപരിണാമങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, പൊതുപ്രവര്‍ത്തനത്തെ ആത്മാര്‍ഥതയോടെ കാണുന്ന ഈയുള്ളവന്‍ ഒരിക്കല്‍ പോലും വീരേന്ദ്രകുമാറിന്റെ സ്നേഹവലയത്തിൽ നിന്നോ ദാർശനിക വഴിയിൽ നിന്നോ മനസ്സ് കൊണ്ട് അകന്നിട്ടില്ല എന്നത് അഭിമാനത്തോടെ പറായന്‍ സാധിക്കും. സോഷ്യലിസ്റ്റ് വഴികളിലെ ഉത്തരവാദിത്വം പരമാവധി നിറവേറ്റാന്‍ സാധിച്ചു എന്നാണ് എന്റെ ബോധ്യം. ജില്ലാ പഞ്ചായത്ത് അംഗമാകുന്നതും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാനാകുന്നതുമെല്ലാം ഇടത് -സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കു വേണ്ടി ആത്മാർത്ഥതയോടെ നിലകൊണ്ടതിനുള്ള അംഗീകരമായിട്ടാണ് ഞാൻ കാണുന്നത്.
യുവാക്കളെ എന്നും പരിഗണിച്ചയാളായിരുന്നു വീരേന്ദ്രകുമാര്‍. ജെ പിയുടെയും ലോഹ്യയുടെയുമെല്ലാം കരുത്തും ക്ഷുഭിത യൗവനങ്ങളായിരുന്നല്ലൊ. ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകളെ വിറപ്പിച്ച ജനാധിപത്യ നേതാവായിരുന്നല്ലൊ ജെ പി. ഏകാധിപത്യത്തോടും അധിനിവേശത്തോടും എന്നും കലഹിക്കുന്നവരാണ് സോഷ്യലിസ്റ്റുകള്‍. അതുകൊണ്ടുതന്നെ യുവാക്കളുടെ ഹൃദയം അവര്‍ കീഴടക്കിയിരുന്നു. അവര്‍ പോകുന്നിടത്തും സംസാരിക്കുന്നിടത്തും എഴുതുന്നിടത്തും യുവാക്കള്‍ക്ക് മുന്തിയ പരിഗണനയും ലഭിച്ചു. ഞാനെന്ന കൗമാരക്കാരനും യുവാവും വളര്‍ന്നത് വീരേന്ദ്രകുമാര്‍ കാണിച്ചുതന്ന വഴിയിലൂടെയാണെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും. ഏത് കൂരിരുട്ടിലും ആ വഴി മുന്നോട്ടുതന്നെ തന്നെ നയിക്കുന്നു.✍🏻ജുനൈദ് കൈപ്പാണി /Junaid Kaippani