അനുനയ നീക്കവുമായി സിപിഐഎം; കടകംപളളി സുരേന്ദ്രൻ പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടിലെത്തി

General

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക് പോകുന്നുവെന്ന എന്ന സൂചനകൾ വന്നതിന് പിന്നാലെ അനുനയനീക്കവുമായി സിപിഐഎം. മുൻ മന്ത്രിയും എം എൽ എയുമായ കടകംപള്ളി സുരേന്ദ്രൻ പ്രേംകുമാറിൻ്റെ കഴക്കൂട്ടത്തെ വീട്ടിലെത്തിയെങ്കിലും നേരിൽ കാണാൻ സാധിച്ചില്ല. പ്രേംകുമാറുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന ആളാണ് താൻ കഴക്കൂട്ടത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നല്ല പങ്കുവഹിച്ചിരുന്നു ചില പ്രശ്നങ്ങൾ ഉണ്ടായതായാണ് നിലവിൽ മനസിലാകുന്നത് അവയ്ക്ക് പരിഹാരം ഉണ്ടാകാനാണ് താൻ ശ്രമിക്കുന്നത്. അദ്ദേഹം രാത്രി വീട്ടിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത് അത് കണക്കാക്കിയാണ് എത്തിയത്, എന്നാൽ നേരിൽ കാണാൻ സാധിച്ചില്ലെന്ന് കടകംപള്ളി ട്വന്റിഫോറിനോട് പ്രതികരിച്ചു. പ്രേംകുമാറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് കടകംപള്ളി അനുനയനീക്കവുമായി രംഗത്ത്

അതേസമയം, ഇടതിനോട് ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ കോൺഗ്രസ്‌ പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ വിജയകരമെന്ന് സൂചിപ്പിക്കുന്ന പ്രതികരണമാണ് പ്രേംകുമാറിൽ നിന്ന് ഉണ്ടായത്. കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഇല്ലെങ്കിലും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി സംസാരിച്ചിരുന്നു എന്ന കാര്യം പ്രേംകുമാർ സ്ഥിരീകരിച്ചിരുന്നു. പക്ഷെ അതൊരു സൗഹൃദ സംഭാഷണം മാത്രമാണെന്നാണ് വിശദീകരണം.

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് പൊടുന്നനെ തന്നെ മാറ്റിയതിലെ അതൃപ്തി പരസ്യമാക്കി, സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പതിറ്റാണ്ടുകൾ നീണ്ട ഇടതു സഹയാത്രികനെന്ന വിശേഷണം പ്രേംകുമാർ ഉപേക്ഷിക്കുമോ എന്നുള്ള ചോദ്യങ്ങൾ ഉയർന്നത്. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്നുള്ള പ്രേംകുമാറിന്റെ മാറ്റം സ്വാഭാവിക നടപടിയാണെന്ന് മന്ത്രി സജി ചെറിയാൻ തന്നെ വ്യക്തമാക്കുമ്പോഴും, സർക്കാറിന്റെ കീഴിലുള്ള എത്ര അക്കാദമികളിൽ ഈ സ്വാഭാവിക നടപടികൾ നടക്കുന്നു എന്നായിരുന്നു പ്രേംകുമാറിന്റെ മറുചോദ്യം. ഇടത് തുടർഭരണം പാടില്ലെന്ന്, പരസ്യ വിമർശനം ഉന്നയിച്ച സാഹിത്യകാരൻ കെ സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷൻ സ്ഥാനത്തുനിന്ന് മാറ്റാത്തതിനെ പ്രേംകുമാർ വിമർശിച്ചിരുന്നു. സർക്കാരിന്റെത് ഇരട്ട നീതിയാണെന്നും കുറ്റപ്പെടുത്തി. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് പ്രേം കുമാർ കോൺഗ്രസ്സിലേക്ക് വരുകയാണെങ്കിൽ സ്ഥാനാർഥിത്വം ഉൾപ്പെടെയാണ് വാഗ്ദാനം.

Leave a Reply

Your email address will not be published. Required fields are marked *