റഫാല്‍ യുദ്ധവിമാനങ്ങളുടെ വന്‍ കരാറിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് അധ്യക്ഷനായ സമിതിയാണ് കരാറിന് അനുമതി നല്‍കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കരാര്‍.
പ്രതിരോധ മേഖലയില്‍ ഏറ്റവും വലിയ കരാറിലാണ് ഇന്ത്യ ഏര്‍പ്പെടുന്നത്. 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ 3.25 ലക്ഷം കോടി രൂപയ്ക്ക് ആണ് വാങ്ങാന്‍ തീരുമാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഈ മാസം 17ന് ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുന്‍പായിത്തന്നെ യുദ്ധ വിമാനം വാങ്ങാനുള്ള അന്തിമാനുമതി നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
18 ഓളം യുദ്ധവിമാനങ്ങള്‍ പൂര്‍ണമായി നിര്‍മ്മിച്ച് ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറും. ബാക്കിയുള്ള ഭൂരിപക്ഷം യുദ്ധവിമാനങ്ങളുടെ 60% നിര്‍മ്മാണം ഇന്ത്യയില്‍ ആയിരിക്കും നടക്കുക. ഈ കരാറിലൂടെ ഇന്ത്യക്ക് ലഭിക്കുന്നത് റഫാല്‍ യുദ്ധ വിമാനങ്ങളുടെ പുതിയ F4 പതിപ്പാണ്. ഒരേസമയം വ്യോമാക്രമണം, പ്രതിരോധം, നിരീക്ഷണം, ആണവായുധ വിന്യാസം തുടങ്ങിയ ഒന്നിലധികം ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ഈ യുദ്ധവിമാനത്തിന് സാധിക്കും. സാറ്റലൈറ്റ് ആശയ വിനിമയ ലിങ്കുകള്‍, സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത റേഡിയോകള്‍ എന്നിവ വഴി മറ്റ് വിമാനങ്ങളുമായും കമാന്‍ഡ് നെറ്റ്‌വര്‍ക്കുകളുമായും തത്സമയം വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയുമെന്നതും ഈ യുദ്ധവിമാനങ്ങളുടെ മറ്റൊരു സവിശേഷതയാണ്.