സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം അരങ്ങേറുക കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തിലായിരിക്കും. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ബേപ്പൂരില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മന്ത്രി മുഹമ്മദ് റിയാസും, എതിരാളി പി വി അന്‍വറുമാവുന്നതോടെ മത്സരം കടുക്കും. ഇത് പി വി അന്‍വറെ സംബന്ധിച്ചിടത്തോളം വലിയൊരു പരീക്ഷണമാണ്. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എത്രത്തോളം ജനങ്ങളില്‍ എത്തിയെന്നും, രാഷ്ട്രീയമായി അന്‍വറിന് മുന്നോട്ടേക്ക് പോവാന്‍ കഴിയുമോ എന്നുമുള്ള ചോദ്യത്തിനുള്ള ഉത്തരം തേടല്‍ കൂടിയാണ് ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം. സിപിഐഎമ്മിന്റെ ശക്തിദുര്‍ഗമാണ് ബേപ്പൂര്‍. എതിരാളികളെ അങ്ങോട്ടുചെന്ന് പരാജയപ്പെടുത്തുകയെന്ന രീതിയാണ് അന്‍വറിന്റേത്. അന്‍വര്‍ ചോദിച്ചുവാങ്ങിയ സീറ്റാണ് ബേപ്പൂര്‍. അത്രയേറെ ആത്മവിശ്വാസത്തിലാണ് പോരിനിറങ്ങുന്നത്.
കേരളത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പി വി അന്‍വര്‍ നേരത്തെ തന്നെ ബേപ്പൂരില്‍ കളം നിറഞ്ഞിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ചതോടെ വര്‍ധിത വീര്യത്തോടെയാണ് അന്‍വര്‍ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തുകയെന്ന ഏക രാഷ്ട്രീയ ലക്ഷ്യം ഉയര്‍ത്തി യു ഡി എഫില്‍ നിന്നും പി വി അന്‍വര്‍ ചോദിച്ച് വാങ്ങിയ സീറ്റാണിത്. നേരത്തെ യു ഡി എഫിന്റെ കുത്തക സീറ്റായി അറിയിപ്പെട്ടിരുന്ന നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയതിന്റെ ചരിത്രമുണ്ട് അന്‍വറിന്. ആര്യാടന്‍ കോട്ട തകര്‍ത്ത അതേ അന്‍വര്‍ ഇത്തവണ ബേപ്പൂര്‍ കോട്ട തകര്‍ക്കാനുള്ള നീക്കത്തിലാണ്.