വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി നല്‍കിയ പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കുന്നത് പാര്‍ട്ടി നിലപാട് അനുസരിച്ച് തീരുമാനമെന്ന് കുടുംബം. സിപിഐഎം തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് വി എസിന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ പറഞ്ഞു. ജനഹൃദയങ്ങളില്‍ വിഎസിനുള്ള സ്ഥാനമാണ് ഏത് പുരസ്‌കാരത്തേക്കാളും വലുതെന്നും പ്രതികരണമുണ്ട്.
പുരസ്‌കാരം സ്വീകരിക്കില്ല എന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടു. കുടുംബത്തിന്റെ തീരുമാനത്തിനനുസരിച്ച് എന്ന എം വി ഗോവിന്ദന്റെ പ്രതികരണത്തിന് നന്ദി – അരുണ്‍ കുമാര്‍ പറഞ്ഞു.
പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനമെന്ന് അരുണ്‍ കുമാര്‍ പറയുന്നു.
ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടെന്നും ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നുവെന്നും കുറിപ്പില്‍ അരുണ്‍ കുമാര്‍ പറയുന്നു. വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്‌നേഹവായ്പുകള്‍ക്ക് നന്ദിയെന്നും അദ്ദേഹം കുറിച്ചു.