‘വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്, റോഡ് അപകടത്തിൽ പെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ’; ശ്രദ്ധേയ പ്രഖ്യാപനങ്ങൾ!

General


രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങൾ.
ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസം ഡിഗ്രി വരെയാക്കി.

റോഡ് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് ആദ്യ അഞ്ച് ദിനം സൗജന്യ ചികിത്സ നൽകുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി. ലൈഫ് സേവർ പദ്ധതിയാണ് ബാലഗോപാല്‍ പ്രഖ്യപിച്ചിട്ടുള്ളത്. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സേവനം ഉണ്ടാകും. 15 കോടി പദ്ധതിക്കായി വകയിരുത്തി. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു. ഇതിനായി 50 കോടി വകയിരുത്തി.

സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡി സെപ്പ് 2.0 ഫെബ്രുവരി 1 മുതൽ ആരംഭിക്കും. കൂടുതൽ ആനുകൂല്യവും കൂടുതൽ ആശുപത്രികളും ഇതിൽ ഉണ്ടാകും.

വിരമിച്ചവർക്ക് മെഡിക്കൽ മെഡിസെപ് മാതൃകയിൽ പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പൊതു മേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ആരംഭിക്കും. കൂടാതെ ഓട്ടോറിക്ഷ തൊഴിലാളികൾക്കും ഹരിതകർമസേനാ അംഗങ്ങൾക്കും ഗ്രൂപ്പ് ഇൻഷുറൻസ്. ഗിഗ് തൊഴിലാളികൾക്ക് ക്ഷേമനിധി തുടങ്ങിയ ശ്രദ്ധേയമായ നിരവധി പ്രഖ്യാപനങ്ങൾ ഇത്തവണയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *