പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന് സജ്ജമായി ശബരിമല. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ചന്ദ്രാനന്ദന്‍ റോഡില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ ബെഞ്ചുകള്‍ സ്ഥാപിച്ചു. വലിയ നടപ്പന്തല്‍ മുതല്‍ ശരംകുത്തി വരെ ക്യൂ കോംപ്ലക്സിന്റെ ഇരുവശവും 400 മീറ്ററോളം അരമതില്‍ നിര്‍മിച്ച് ഇരിപ്പിടമൊരുക്കി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഇവിടെ കുടിക്കാന്‍ ചൂടുവെള്ളം കിയോസ്‌കുകള്‍ വഴി നേരിട്ടെത്തിക്കും. പമ്പ മുതല്‍ സന്നിധാനം വരെ 56 ചുക്കുവെള്ള വിതരണകേന്ദ്രം തുറക്കും. ജലഅതോറിറ്റിയുടെ കുടിവെള്ള കിയോസ്‌കുകളുമുണ്ട്. വിശുദ്ധി സേനാംഗങ്ങളായ 1,200 പേരും ദേവസ്വം ബോര്‍ഡിന്റെ ശുചീകരണ തൊഴിലാളികളും 24 മണിക്കൂറും സേവനത്തിനുണ്ടാകും. ശുചിമുറികളും മറ്റും വൃത്തിയാക്കാന്‍ 420 താല്‍ക്കാലിക തൊഴിലാളികളുണ്ട്. സന്നിധാനത്ത് 1005 ശൗചാലയം ഒരുക്കി. ഇതില്‍ 885 എണ്ണം സൗജന്യമായും 120 എണ്ണം പണം നല്‍കിയും ഉപയോഗിക്കാം.