ഓണത്തിന്റെ ഓർമ്മപ്പുറങ്ങൾ-വിവേക് വയനാട് എഴുതുന്നു

General

ഓണത്തിന്റെ ഓർമ്മപ്പുറങ്ങൾ-പഴയകാലവും പുതുകാലവും;
വിവേക് വയനാട് എഴുതുന്നു

ഓണത്തെക്കുറിച്ച് പറയുമ്പോൾ,
എന്റെ മനസ്സിൽ ആദ്യം തെളിയുന്നത് ബാല്യകാലത്തിന്റെ തെളിമയാണ്. പുലർച്ചെ വെളിച്ചം തെളിയുന്നതിന് മുമ്പ് തന്നെ കണ്ണുതുറക്കുകയും കയ്യിൽ ചെറിയൊരു കൊട്ടയുമായി ചേട്ടനും വീടിനടുത്തുള്ള കൂട്ടുകാരും കൂടെ പുറത്തേക്ക് ഓടിപ്പോകുകയും ചെയ്യും. ലക്ഷ്യം ഓരോ പൂക്കൾ പറിച്ച് കൊണ്ടുവന്ന് വീടിന്റെ മുന്നിൽ പൂക്കളം ഒരുക്കുക. വഴിയോരത്ത് വിരിഞ്ഞ തുമ്പപ്പൂവിന്റെ മണം, ചെമ്പരത്തിയും കുരുന്നാരിപ്പൂക്കളും കൊങ്ങിണിയും ഓണപൂവും ചേർന്ന് കൊട്ട നിറയുമ്പോൾ മനസിൽ നിറഞ്ഞിരുന്ന സന്തോഷം ഇന്നും ഓർമ്മിക്കുന്നു. ചിലപ്പോൾ പൂക്കൾക്കായി ഞാനും ചേട്ടനും ചെറിയ വഴക്കുണ്ടാക്കിയിട്ടുണ്ട്, “നീ അധികം പറിച്ചു, എനിക്ക് കുറച്ചേ കിട്ടിയുള്ളൂ” . പക്ഷേ വീട്ടിലെത്തി പൂക്കളമൊരുക്കുമ്പോൾ എല്ലാം മറന്നു ചിരിച്ചും കളിച്ചും ഒരുമിച്ചിരിക്കും.

പൂക്കളത്തിന്‍റെ നടുവിൽ വെക്കുന്ന വിളക്കും, അമ്മ പറഞ്ഞുതന്ന പാറ്റേണുകളും, ചേട്ടന്റെ ചെറിയ ക്രിയേറ്റിവിറ്റിയും കൂടി വീടിന്റെ മുന്നിൽ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുമായിരുന്നു. ഇന്നത്തെ കുട്ടികൾക്ക് കടയിൽ നിന്ന് വാങ്ങുന്ന ആർട്ടിഫിഷ്യൽ പൂക്കൾ ഉപയോഗിക്കുന്നതാണ് പതിവ്, പക്ഷേ ഞങ്ങൾക്കു കിട്ടിയിരുന്ന ആ ആവേശം, പുലർച്ചെ കൂട്ടത്തോടെ പൂക്കൾ പറിക്കാൻ പോയ സന്തോഷം അതിന് പകരമാവില്ല.

അടുക്കളയിൽ അമ്മയുടെ തിരക്കേറിയ മുഖവും, കറിയുടെ സുഗന്ധം നിറഞ്ഞ അന്തരീക്ഷവും, തേങ്ങ ചിരകുന്ന ശബ്ദവും കടുക് പൊട്ടുന്ന ശബ്ദവും ഇന്നും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു. സാധാരണ ദിവസങ്ങളിൽ അടുക്കളയിൽ അധികം ഇടപെടാത്ത അച്ഛൻ, ഓണത്തിനൊക്കെ അമ്മയുടെ കൂട്ടാളിയായിരിക്കും. അതിലുപരി, അച്ഛൻ ഉണ്ടാക്കുന്ന അരി പായസം തന്നെയായിരുന്നു ഓണത്തിന്റെ ഹൈലൈറ്റ്. വലിയ ചട്ടിയിൽ അരിയും പാലും ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുമ്പോൾ അടുക്കള മുഴുവൻ നിറക്കുന്ന ആ മധുരസുഗന്ധം ഇന്നും ഓർമ്മകളെ സ്നേഹത്തോടെ ഉണർത്തുന്നു.

“ശരിയായോ?”

എന്ന് അച്ഛൻ ചെറിയൊരു സ്പൂണിൽ എടുത്ത് നോക്കുന്നത്, പിന്നെ എല്ലാവരും കാത്തിരുന്ന് പായസം കിട്ടുമ്പോൾ അനുഭവിച്ച ആ സന്തോഷം ഇന്ന് ലോകത്തെ എവിടെയും കിട്ടാനാവാത്തതാണ്.

സദ്യയുടെ സമയം ആയാൽ , കുടുംബം മുഴുവൻ ഒരുമിച്ച് വാഴയില മുന്നിൽ വെച്ച് ഇരിക്കും. അമ്മയുടെ കരുതലും സ്നേഹവും കലർന്ന വിഭവങ്ങൾ, ചേട്ടന്റെ കളിയും ചിരിയും, മുതിർന്നവരുടെ കഥകളും എല്ലാം കൂടി സദ്യയെ ഒരു വലിയ അനുഭവമാക്കി മാറ്റും. വിഭവങ്ങളുടെ എണ്ണമോ രുചിയോ മാത്രമല്ല, കുടുംബത്തിന്റെ ചിരിയും കൂട്ടായ്മയുമായിരുന്നു സദ്യയെ പ്രത്യേകതയാക്കിയത്.

ഉച്ചയ്ക്ക് ശേഷം പതിവുപോലെ അമ്മവീട്ടിലേക്കുള്ള യാത്ര തുടങ്ങും. വഴിയിലൂടെ അയൽക്കാർ വിളിച്ചു പറഞ്ഞ “ഓണം ആശംസകൾ”, വഴിയോരത്ത് കണ്ടുമുട്ടുന്ന കൂട്ടുകാരുടെ കൈവീശൽ എല്ലാം കൂടി യാത്രയെ തന്നെ ഒരു ആഘോഷമായി മാറ്റും. അമ്മവീട്ടിലെത്തുമ്പോൾ കുടുംബക്കാരുടെ കളിയും, വീണ്ടും ഒരുക്കിയ സദ്യയും, മുതിർന്നവരുടെ സംഭാഷണവും ആ ദിവസം മുഴുവൻ നിറഞ്ഞിരിക്കും. അതുപോലെ തറവാട്ടിലേക്കും ബന്ധുക്കളുടെ വീട്ടിലേക്കും പോയിരുന്നത് പതിവായിരുന്നു. ഒരുപാട് വീടുകളിൽ സദ്യ കഴിക്കുമ്പോൾ വയറിന് ബുദ്ധിമുട്ടുണ്ടായാലും, ബന്ധുക്കളുടെ സ്നേഹവും അടുപ്പവും കൊണ്ടുതന്നെ അത് ഒരിക്കലും ഭാരമായി തോന്നിയിരുന്നില്ല.

ഇതാണ് എന്റെ മനസ്സിലെ ഓണം പൂക്കളത്തിലും സദ്യയിലും മാത്രം ഒതുങ്ങാത്തത്, കൂട്ടായ്മയുടെ സന്തോഷം നിറഞ്ഞ ഒരു അനുഭവം.

പക്ഷേ, ഇന്നത്തെ കാലഘട്ടം വ്യത്യസ്തമാണ്. ജീവിതത്തിന്റെ തിരക്കുകളും ജോലിയുടെ ബാധ്യതകളും കാരണം പലർക്കും നാട്ടിലെത്താൻ പോലും കഴിയുന്നില്ല. സദ്യ പല വീടുകളിലും ഹോട്ടലുകളിൽ നിന്നു കൊണ്ടുവരുന്ന പാക്കേജുകളായി മാറുന്നു. പൂക്കളങ്ങൾക്ക് പകരം പലപ്പോഴും ആർട്ടിഫിഷ്യൽ പൂക്കളാണ്. അയൽക്കാരെ നേരിൽ കണ്ടു ആശംസിക്കുന്നതിനുപകരം, സോഷ്യൽ മീഡിയയിലെ ഒരു സന്ദേശമായാണ് ആശംസകൾ എത്തുന്നത്. ഒരുമിച്ച് ഇരുന്ന് ചിരിച്ചിരുന്ന ആ അന്തരീക്ഷം പല സ്ഥലങ്ങളിലും മങ്ങിക്കഴിഞ്ഞു.

എങ്കിലും, ഓണം എന്റെ മനസ്സിൽ എന്നും പഴയ ഓർമ്മകളോടൊപ്പമാണ്. പുലർച്ചെ ചേട്ടനോടും കൂട്ടുകാരോടും ചേർന്ന് പൂക്കൾ പറിക്കാനിറങ്ങിയ യാത്ര, അമ്മയുടെ തിരക്കേറിയ അടുക്കള, അച്ഛന്റെ അരി പായസം, അമ്മാവീട്ടിലെ ചിരിയും കളിയും, തറവാട്ടിലെ സംഗമവും ഇതെല്ലാം ചേർന്നാണ് എന്റെ ഓണത്തിന്‍റെ യഥാർത്ഥ ചിത്രം.

കാലം മാറിയാലും രീതികൾ മാറിയാലും, ഓണത്തിന്റെ ആത്മാവ് മാറുന്നില്ല. സ്നേഹവും കൂട്ടായ്മയും കുടുംബബന്ധങ്ങളും തന്നെയാണ് ഓണം നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ സന്ദേശം. പഴയ ഓണങ്ങളുടെ ഓർമ്മകൾ ഇന്നത്തെ തിരക്കേറിയ ജീവിതത്തിലും നമ്മെ നാട്ടിലേക്കും കുടുംബത്തിലേക്കും വേരുകളിലേക്കും തിരിച്ചുവിളിക്കുന്നു.

ഓണം, അതുകൊണ്ടുതന്നെ, വെറും ഒരു ഉത്സവമല്ല അത് നമ്മുടെ ഓർമ്മകളിൽ എന്നും ജീവിക്കുന്നൊരു കാലഘട്ടം തന്നെയാണ്. 🌸

വിവേക് വയനാട്

Leave a Reply

Your email address will not be published. Required fields are marked *