ന്യൂഡല്‍ഹി: ഹൈവേകളില്‍ ടോള്‍ പിരിവുമായി ബന്ധപ്പെട്ടുള്ള ഗതാഗത തടസ്സം ഒഴിവാക്കാനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ച ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പാസ് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് അവതരിപ്പിക്കും.വാര്‍ഷിക ടോള്‍ ചെലവ് 10,000 ല്‍ നിന്ന് 3,000 ആയി കുറയുന്നതിലൂടെ ഹൈവേ ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയുമെന്നാണ് പുതിയ സ്‌കീമിന്റെ പ്രഖ്യാപന വേളയില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്.
ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാന്‍ ഈ നീക്കം സഹായിക്കും. അതുവഴി ഗതാഗതം സുഗമമാക്കാനും യാത്രാ സമയം കുറയ്ക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടോള്‍ പ്ലാസകളുടെ 60 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരുടെ ടോളുമായി ബന്ധപ്പെട്ട് പരാതികളും യാത്രാതടസ്സവും കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വാര്‍ഷിക പാസ് കൊണ്ടുവരുന്നത്.
പുതിയ ഫാസ്ടാഗ് അധിഷ്ഠിത വാര്‍ഷിക പാസ് എന്ത്? ഇതിന്റെ പ്രയോജനങ്ങള്‍ എന്തെല്ലാം?
വാര്‍ഷിക ഫാസ്ടാഗ്:
ഫാസ്ടാഗ് അധിഷ്ഠിത വാര്‍ഷിക പാസിന്റെ വില 3,000 ആണ്. പ്രവര്‍ത്തനം ആരംഭിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ദേശീയപാതകളില്‍ 200 ടോള്‍ പ്ലാസ ക്രോസിങ്ങുകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ‘വെറും 3,000 ഉപയോഗിച്ച്, യാത്രക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ 200 ടോള്‍ പ്ലാസ ക്രോസിങ്ങുകള്‍ നടത്താന്‍ കഴിയും. നേരത്തെ, ഇതിന് ഏകദേശം 10,000 രൂപ ചെലവാകുമായിരുന്നു,’- ഗഡ്കരി പറഞ്ഞു. പദ്ധതി പ്രകാരം ഒരു യാത്രയ്ക്ക് ശരാശരി 15 രൂപ മാത്രമായിരിക്കും ചെലവ്.
വാര്‍ഷിക ഫാസ്ടാഗിന് ആര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക?
കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയുള്‍പ്പെടെ വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമേ പാസ് ബാധകമാകൂ. വാണിജ്യ അല്ലെങ്കില്‍ ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.
ഒരു ഉപയോക്താവിന് എത്രത്തോളം ലാഭിക്കാന്‍ കഴിയും?
ശരാശരി ടോള്‍ ചെലവ് 50 ല്‍ നിന്ന് 15 ആയി കുറയുന്നതിനാല്‍, സാധാരണ ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 7,000 രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്ന് മന്ത്രാലയം പറയുന്നു.