മാർത്ത മാജിക്ക്! കോപ്പ അമേരിക്ക വനിതാ കിരീടം ബ്രസീലിന്

General

ക്വിറ്റോ: കോപ്പ അമേരിക്ക വനിതാ കിരീടം (കോപ്പ അമേരിക്ക ഫെമിനിന) ബ്രസീലിന്. ഫൈനലിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ബ്രസീൽ കിരീടം സ്വന്തമാക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4നാണ് ബ്രസീൽ വിജയം പിടിച്ചത്. പകരക്കാരിയായി ഇറങ്ങിയ വനിതാ വെറ്ററൻ സൂപ്പർ താരം മാർത്തയുടെ മികവാണ് ബ്രസീൽ ജയത്തിൽ നിർണായകമായത്. 6 തവണ ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാർത്ത നിശ്ചിത സമയത്തും അധിക സമയത്തും നേടിയ ​ഗോളുകളാണ് ബ്രസീലിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും 3-3നു സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയപ്പോൾ ബ്രസീലി‍ മാർത്തയുടെ ​ഗോളിൽ 4-3നു മുന്നിലെത്തി. എന്നാൽ കൊളംബിയ തിരിച്ചടിച്ചതോടെ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു.

82ാം മിനിറ്റിലാണ് 39കാരിയായ മാർത്ത പകരക്കാരിയായി ഇറങ്ങിയത്. ബ്രസീൽ തോൽവിയുടെ വക്കിലായിരുന്നു. ഇഞ്ച്വറി ടൈമിൽ മാർത്ത അവിശ്വസനീയമായി ടീമിനെ ഒപ്പമെത്തിച്ചു. പിന്നാലെ എക്സ്ട്രാ ടൈം ആരംഭിച്ചതിനു പിന്നാലെ തന്റെ രണ്ടാം ​ഗോളും ടീമിന്റെ നാലാം ​ഗോളും താരം നേടി. അൻജലീന അലോൻസോ, അമാൻഡ ​ഗ്വിറ്ററസ് എന്നിവരാണ് ബ്രസീലിനായി നിശ്ചിത സമയത്ത് ​ഗോൾ നേടിയ മറ്റു താരങ്ങൾ. കൊളംബിയയ്ക്ക് കിട്ടിയ ഒരു ​ഗോൾ ബ്രസീൽ താരത്തിന്റെ സെൽഫ് ​ഗോളായിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ​ ​ഗോൾ കീപ്പർ ലോറന ഡ സിൽവ ഹീറോയായി. താരം രണ്ട് നിർണായക സേവുകൾ നടത്തി. വനിതാ കോപ്പ അമേരിക്ക ചരിത്രത്തിൽ കഴിഞ്ഞ 5 ഫൈനലുകളിൽ ഇതു നാലാം തവണയാണ് ബ്രസീൽ കൊളംബിയയെ വീഴ്ത്തുന്നത്. കഴിഞ്ഞ 9 അധ്യായങ്ങളിലായി ബ്രസീലിന്റെ എട്ടാം കിരീട നേട്ടം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *