തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായതിൽ സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമായാണ് ഡോ. ഹാരിസിനോട് വിശദീകരണം തേടിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
വിദഗ്ധസമിതി കണ്ടെത്തിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. ഡോ. ഹാരിസ് HOD ആണ്. ഡിപ്പാർട്ട്മെൻറ് തല അന്വേഷണം നടത്തും. ഡോ. ഹാരിസിനെ കുടുക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നതായി ചിലർ വാർത്ത നൽകിയെന്നും മന്ത്രി വിമർശിച്ചു.
ഇതൊരു പകവീട്ടലല്ല. ഡോ. ഹാരിസിനെ വെറുതെ വിടണം. ഉപകരണങ്ങൾ അവിടെയുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കട്ടെ എന്നും വീണ ജോർജ് വ്യക്തമാക്കി. 20 ലക്ഷം രൂപയുടെ ഉപകരണം കാണാതായി എന്ന് റിപ്പോർട്ടിൽ ഉണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്. ഇതിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞിരുന്നു.
കന്യാസ്ത്രീമാർക്ക് താൽക്കാലിക ജാമ്യമല്ല ആവശ്യമെന്നും മന്ത്രി പ്രതികരിച്ചു. ജാമ്യം ലഭിച്ചത് താൽക്കാലിക ആശ്വാസം മാത്രം. കേസ് ഉൾപ്പടെ പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.