ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് എന്ന വ്യാജ ആരോപണം ഉന്നയിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് തീവ്ര സംഘീടതരുടെ സമ്മർദ്ദത്തെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ജനാധിപത്യ രാജ്യത്തിന് നാണക്കേടാണ്.
സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കായി കൊണ്ടുപോവുകയായിരുന്ന യുവതികളെ തടഞ്ഞുനിർത്തി, മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയത് ഗൂഢശക്തികളുടെ അജണ്ടയുടെ ഭാഗമാണ്. യുവതികളുടെ മാതാപിതാക്കളുടെ സമ്മതപത്രമടക്കം കൈവശമുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി ദുരുദ്ദേശപരമാണ്.രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെയും വേട്ടയാടലിന്റെയും ഒടുവിലത്തെ ഉദാഹരണമാണിത്.
പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കന്യാസ്ത്രീകളെ യാതൊരു തെളിവുമില്ലാതെ മനുഷ്യക്കടത്ത് പോലുള്ള ഗുരുതരമായ കുറ്റം ചുമത്തി ജയിലിലടച്ചത് അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണ്. റെയിൽവേ സ്റ്റേഷനിൽ വെച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ സംരക്ഷണം നൽകേണ്ട പോലീസ്, അക്രമികൾക്ക് കൂട്ടുനിൽക്കുന്ന കാഴ്ചയാണ് കണ്ടത്.
ഈ വിഷയത്തിൽ ദേശീയ തലത്തിൽ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഇടപെടൽ നടത്തിയിട്ടുണ്ട്. നിരപരാധികളായ കന്യാസ്ത്രീകളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും അവർക്കെതിരെയുള്ള വ്യാജക്കേസ് പിൻവലിക്കണമെന്നും കെസിവൈഎം കേന്ദ്ര, ഛത്തീസ്ഗഡ് സർക്കാരുകളോട് ശക്തമായി ആവശ്യപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻ്റ് ആഷ്‌ന പാലാരികുന്നേൽ, ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂർ, ട്രഷറർ നവീൻ ജോസ് പുലകുടിയിൽ, ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ, ആനിമേറ്റർ സി. റോസ് ടോം എസ് എ ബി എസ് തുടങ്ങിയവർ സംസാരിച്ചു.