കൽപറ്റ : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ കൽപറ്റയിൽ വയനാട് ജില്ലാ ധർണ സംഘടിപ്പിച്ചു. സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലയിലെ വർഗീയ അജണ്ടകളെ ചെറുത്തു തോൽപ്പിക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക, ഡി. എ., ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, ഉച്ചഭക്ഷണം, സൗജന്യ യൂണിഫോം, വിദ്യാവാഹിനി തുടങ്ങിയ പദ്ധതികൾക്ക് ആവശ്യമായ തുക വകയിരുത്തുക, പ്രീ പ്രൈമറി സംവിധാനം പരിഷ്കരിക്കുക, കായികാധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പൊതുവിഭ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണം ഉടൻ യാഥാർഥ്യമാക്കി ഈ മേഖലയിലെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കാണുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തി ആയിരുന്നു ധർണ. എ.കെ.എസ്.ടി.യു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി. ബിജു ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ ജില്ല സെക്രട്ടറി ടി. ഡി. സുനിൽമോൻ, കെ.ജി.ഒ.എഫ്. ജില്ല സെക്രട്ടറി അമൽ വിജയ്, എ.കെ.എസ്.ടി.യു. മുൻ സംസ്ഥാന കമ്മിറ്റി അംഗം സ്റ്റാൻലി ജേക്കബ്, ജില്ല വൈസ് പ്രസിഡന്റ് സുനിൽ അഗസ്റ്റിൻ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. ജില്ല പ്രസിഡൻ്റ് വി. ആർ. പ്രകാശിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ല സെക്രട്ടറി ശ്രീജിത്ത് വാകേരി സ്വാഗതവും ജില്ല ട്രഷറർ എൻ. വി. കരുണാകരൻ നന്ദിയും പറഞ്ഞു.