നടന്‍ നിവിന്‍ പോളിയ്ക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ, എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ഷംനാസ് ആണ് പരാതിക്കാരന്‍. തന്റെ പക്കലില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഷംനാസിന്റെ പരാതി.
മഹാവീര്യരുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തനിക്ക് 95 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതിന് പിന്നാലെ ആക്ഷന്‍ ഹീറോ ബിജു 2ന്റെ നിര്‍മാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പക്കല്‍ നിന്നും 1.90 കോടി രൂപ വാങ്ങി. എന്നാല്‍ ഇക്കാര്യം മറച്ചുവച്ച് മറ്റൊരു കമ്പനിക്കു സിനിമയുടെ ഓവര്‍സീസ് റൈറ്റ്‌സ് അഞ്ച് കോടിക്ക് വിറ്റു. ഇതോടെ തനിക്ക് 1.90 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഷംനാസ് ആരോപിക്കുന്നത്.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളി ഒന്നാം പ്രതിയും എബ്രിഡ് ഷൈന്‍ രണ്ടാം പ്രതിയുമാണ്. ഷംനാസ് കോടതിയെ സമീപിക്കുകയും തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം കോട്ടയം തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.