‘വയറിന് ഇടിച്ചു, ക്യാമറ പിടിച്ചു തിരിച്ചു’; ജയസൂര്യയുടെ ഫോട്ടോ പകര്‍ത്തി; ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം

General

നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചതായി പരാതി. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു ജയസൂര്യ. താരത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ സജീവന്‍ നായരാണ് തന്നെ മര്‍ദ്ദിച്ചതായി കൊട്ടിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജയസൂര്യയുടെ കൂടെ വന്നയാളുകളാണ് തന്നെ തല്ലിയതെന്നാണ് സജീവന്‍ പറയുന്നത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കൊട്ടിയൂര്‍ ഉത്സവം കഴിയുന്നത് വരെ ചിത്രങ്ങള്‍ പകര്‍ത്താനായി ദേവസ്വം ബോര്‍ഡ് ഏല്‍പ്പിച്ച ഫോട്ടോഗ്രാഫറാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സജീവന്‍ നായർ. രാവിലെ ജയസൂര്യ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ഫോട്ടോയെടുക്കാന്‍ ദേവസ്വം അധികൃതര്‍ സജീവനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഫോട്ടോയെടുത്തപ്പോള്‍ താരത്തിന്റെ കൂടെ ഉണ്ടായിരുന്നവര്‍ തടഞ്ഞുവെന്നാണ് ആരോപണം.

നടനൊപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിക്കുകയും ക്യാമറ ലെന്‍സ് പിടിച്ചു തിരിക്കുകയും ചെയ്തുവെന്നാണ് സജീവന്റെ പരാതി. തന്റെ വയറിനിട്ട് ഇടിച്ചതായാണ് സജീവന്‍ പറയുന്നത്. തുടര്‍ന്ന് സജീവന്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും കൊട്ടിയൂര്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു. അതേസമയം സംഭവത്തോട് ജയസൂര്യ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *