ഗാസ മുനമ്പിൽ മനസ് മരവിപ്പിക്കുന്ന ക്രൂരതകൾ തുടർന്ന് ഇസ്രയേൽ. ഭക്ഷണത്തിനും മറ്റ് അവശ്യവസ്തുക്കൾക്കുമുള്ള ട്രക്കുകൾ കാത്തുനിന്ന സാധാരണക്കാർക്ക് നേരെ നടന്ന ഷെല്ലാക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. നിരവധിപേർ പരുക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗാസയിലെ സഹായ വിതരണ കേന്ദ്രങ്ങൾക്ക് സമീപം അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ഏറ്റവും മാരകമായ ബോംബിങ്ങാണിതെന്ന് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേൽ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.