മൂവാറ്റുപുഴ: പൈനാപ്പിൾ (Pineapple) വില റെക്കോർഡിലേക്ക്. ബുധനാഴ്ച പൈനാപ്പിൾ ഒരെണ്ണത്തിന് വില 60 രൂപയായി. വില തീരെ താഴ്ന്ന് ദിവസങ്ങൾ കഴിയും മുമ്പാണ് വില കുതിച്ചുയർന്നത്. വില ഇനിയും വർധിക്കുമെന്നാണു സൂചന.
പച്ചയ്ക്ക് 58 രൂപയായാണ് വർധിച്ചത്. ഉൽപ്പാദനത്തിലുണ്ടായ വലിയ കുറവും വിപണിയിലെ വൻ ഡിമാൻഡാണ് പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം. വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ വലിയ തോതിൽ കയറ്റി പോകുന്നുമുണ്ട്.
കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിൾ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതൽ ദിവസം എടുത്തതു മൂലം മാർക്കറ്റിൽ പൈനാപ്പിൾ എത്തുന്നതിൽ കുറവുണ്ടായതും വില വർധനക്കു കാരണമായി. വില വർധന കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.