സൈനിക – പൊലീസ് ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍; പാക് ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ ഉന്നതര്‍ പങ്കെടുത്തു

General

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരുടെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാനിലെ ഉന്നത സൈനിക, സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യം. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ മണ്ണ് ഭീകരവാദത്തിന് ഉപയോഗിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന പാകിസ്ഥാന്റെ വാദം പൊള്ളയെന്ന് തെളിയിക്കുന്നതാണ് പുതിയ സംഭവമെന്നാണ് വിലയിരുത്തല്‍.

ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ അബു ജുന്‍ഡാല്‍ എന്നറിയപ്പെടുന്ന മുദാസര്‍ ഖാദിന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. നരോവല്‍ ജില്ലയിലെ മുരിദ്‌കെയിലെ മര്‍കസ് തൈബക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ആക്രമണങ്ങളില്‍ വകവരുത്തിയ അഞ്ച് പ്രധാന ഭീകരരില്‍ ഒരാള്‍ കൂടിയാണ് ജുന്‍ഡാല്‍.

ലഷ്‌കര്‍-ഇ-തൊയ്ബയുടെ ശക്തി കേന്ദ്രം എന്നറിയപ്പെടുന്ന നരോവല്‍ മേഖലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ആയിരുന്നു ജുന്‍ഡാലിന്റെ സംസ്‌കാര ചടങ്ങുകളെന്നും ഇതില്‍ പാകിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിനും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിനും വേണ്ടി പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള ഭീകരനും ലഷ്‌കര്‍ ഇ ത്വയ്ബ നേതാവുമായ ഹാഫിസ് അബ്ദുള്‍ റൗഫിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങില്‍ ലാഹോറിലെ കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഫയാസ് ഹുസൈന്‍ ഷാ, 11 ഇന്‍ഫന്‍ട്രി ഡിവിഷന്‍ ജിഒസി ബ്രിഗേഡിയര്‍ മുഹമ്മദ് ഫുര്‍ഖാന്‍ ഷബ്ബീര്‍, 15 ഹൈമെക് ബ്രിഗേഡ് കമാന്‍ഡര്‍ ഡോ. ഉസ്മാന്‍ അന്‍വര്‍, പഞ്ചാബ് പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍, പഞ്ചാബ് പ്രവിശ്യാ അസംബ്ലി അംഗം മാലിക് സൊഹൈബ് അഹമ്മദ് ഭേര്‍ത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *