ന്യൂഡല്‍ഹി: ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ പാകിസ്ഥാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സെെനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായി സേവനം അനുഷ്ഠിച്ചിരുന്ന രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് വീരമൃത്യു വരിച്ചത്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമതാവളത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര സിങ് മോഗയ്ക്ക് പരിക്കേറ്റിരുന്നു. സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
14 വർഷമായി സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന സുരേന്ദ്ര സിങ് രണ്ട് മാസം മുൻപാണ് ഉദ്ദംപൂരിലെത്തിയത്. സുരേന്ദ്ര സിങ്ങിന്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞ് വീണ ഭാര്യ സീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വര്‍ധിക, ദക്ഷ് എന്നിവര്‍ ഇവരുടെ മക്കളാണ്. സുരേന്ദ്ര സിങ്ങിന്‍റെ മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ അനുശോചിച്ചു. ഞായറാഴ്ച വൈകിട്ട് മൃതദേഹം ജന്മസ്ഥലത്ത് എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.