മലപ്പുറം: വളാഞ്ചേരിയില്‍ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയില്‍ ഉള്ളവരാണ്. രോഗിയുമായി അടുത്തിടപഴകിയ ആറു പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു.
അഞ്ചുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ഒരാള്‍ എറണാകുളത്തെ ആശുപത്രിയിലുമാണുള്ളത്. എറണാകുളത്തുള്ളത് സ്റ്റാഫ് നഴ്‌സാണ്. ചെറിയ ലക്ഷണങ്ങളാണ് ഇവര്‍ക്കുള്ളത്. ഇവരുടെ സ്രവം വിശദമായ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണ ആശുപത്രിയിലെ 25 പേര്‍ നിരീക്ഷണത്തിലാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിനിക്ക് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്.
ഏപ്രില്‍ 25 നാണ് വളാഞ്ചേരി സ്വദേശിയായ 42 കാരിക്ക് പനി തുടങ്ങിയത്. തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ പോയി ചികിത്സ തേടി. പനിയും ശ്വാസതടസ്സവും വിട്ടുമാറാതെ വന്നതോടെ 28 ന് വളാഞ്ചേരി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പോയി. എന്നാല്‍ രോഗത്തിന് കുറവുണ്ടായില്ല. ഇതിനിടെ സമീപത്തെ ലാബുകളില്‍ പരിശോധനയ്ക്കായി പോയിരുന്നു.
പനിയും ശ്വാസതടസ്സവും കൂടിയതോടെ മെയ് ഒന്നിന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ ഇന്നലെ ഇവരുടെ ശ്രവ സാമ്പിള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഈ പരിശോധനഫലം പോസിറ്റീവാണെന്ന് അറിയിപ്പ് വന്നു. സ്ത്രീ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ഭര്‍ത്താവും മക്കളുമടക്കം അടുത്ത് സമ്പക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. പ്രദേശത്ത് അസ്വഭാവിക മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.