‘സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് ഇസ്ലാമില്‍ വിലക്കില്ല, പ്രസവം വീട്ടില്‍ വേണമെന്ന് പറയുന്നില്ല; പര്‍ദ വഹാബി ആശയമല്ല’

General

കൊച്ചി: ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന് വിലക്കില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറിന്റെ മകനും നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി. ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് താരങ്ങളുടെ സംഘടനയായ അമ്മ പറഞ്ഞിട്ടില്ലേ? സുരക്ഷയുമായി ബന്ധപ്പെട്ട് ഓരോരുത്തര്‍ക്കും ഓരോ പോളിസി ഉണ്ടാകും. ഇസ്ലാമിന് അങ്ങനെ ഒരു പോളിസി ഉണ്ട്. പെണ്ണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. അതുകൊണ്ട് അവരുടെ കൂടെ സപ്പോര്‍ട്ടിന് ആളുണ്ടാകണം. ഭര്‍ത്താവ് ഉണ്ടെങ്കില്‍ അത്രയും നല്ലത്. ഇസ്ലാം പറയുന്നത് അംഗീകരിക്കുന്നവര്‍ അതനുസരിച്ച് ജീവിക്കുന്നു. അത് അംഗീകരിച്ചോളം എന്ന് ഇവിടെ നിര്‍ബന്ധം ചെലുത്താന്‍ ആര്‍ക്കും സാധ്യമല്ലല്ലോ. ആര്‍ക്കും പോകാമെന്നും അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു. അടുത്തിടെ ഒരു മുസ്ലീം സ്ത്രീ ഒറ്റയ്ക്ക് സിംലയ്ക്ക് പോയത് വിവാദമായ പശ്ചാത്തലത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി.

‘പര്‍ദ, പാന്റ് എന്നിവ നമ്മുടെ നാട്ടില്‍ സ്വാഭാവികമായ പരിഷ്‌കരണത്തിന്റെ ഭാഗമായി ഫാഷനില്‍ ഉണ്ടായ മാറ്റമാണ്. ജീന്‍സും പാന്റും മുന്‍പ് ധരിക്കാറില്ലല്ലോ. അതിലേക്ക് വന്നു. ഇസ്ലാമില്‍ ഉള്ളത് ഹിജാബ് ആണ്. ഹിജാബ് എന്നാല്‍ മറയ്ക്കുക എന്നതാണ്. തമിഴ്‌നാട്ടില്‍ ഒരു തരം ഹിജാബ് ഉണ്ട്. കേരളത്തില്‍ മറ്റൊരു രീതിയിലാണ്. ഗള്‍ഫ് സ്വാധീനം കൊണ്ട് ഗള്‍ഫിന്റെ രീതിയിലുള്ള ഫാഷനാണ് ഇവിടെ വരുന്നത്. ഉത്തരേന്ത്യയില്‍ മറ്റൊരു രീതിയാണ്. പര്‍ദ വഹാബി ആശയമല്ല. മുസ്ലീം പെണ്ണ് അന്യ പുരുഷന്റെ മുന്നില്‍ ശരീരം മുഴുവന്‍ മറയ്ക്കണം എന്നാണ് ഇസ്ലാമില്‍ പറയുന്നത്’- മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *