കൊച്ചി: ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയറ്ററുകളിലേക്ക്. ചിത്രത്തിനുണ്ടായിരുന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ചിത്രത്തിന്റെ ആദ്യ നിർമാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിർമാണ പങ്കാളികൾ ഇപ്പോഴത്തെ സിനിമയുടെ നിർമാതാവായ നൈസാം സലാമിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി റിലീസ് തടഞ്ഞത്.
നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാർ ആണ്. ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയിൽ പോയ ആരുടെയും കൈയിൽ നിന്ന് ആഭ്യന്തര കുറ്റവാളി നിർമിക്കാൻ പണം വാങ്ങിയിട്ടില്ലെന്നും നൈസാം സലാം പറഞ്ഞു.
വാങ്ങാത്ത കാശ് തിരികെ കൊടുക്കാൻ പറയുമ്പോൾ അതിനെ ബ്ലാക്ക് മെയിലിങ് എന്നേ പറയാനാകൂ എന്നും നൈസാം സലാം മുൻപൊരു വിഡിയോയിൽ പറഞ്ഞിരുന്നു. നൈസാം സലാമിന് വേണ്ടി അഡ്വ ഉമ ദേവി, അഡ്വ സുകേഷ് റോയ്, അഡ്വ മീര എന്നിവർ ഹാജരായി. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്നർ ആയാണ് ചിത്രമൊരുങ്ങുന്നത്.
പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായിക. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയ രുക്മിണി, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.