വിഎസ് ജോയിയും ആര്യാടന്‍ ഷൗക്കത്തും നേര്‍ക്കുനേര്‍; നിലമ്പൂരില്‍ കോണ്‍ഗ്രസ് മൂന്നാമനെ പരിഗണിക്കുന്നു

General

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത പ്രതിസന്ധി. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്നാവശ്യപ്പെട്ട് പി വി അന്‍വറും, ജമാഅത്തെ ഇസ്ലാമിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പിന്‍മാറാന്‍ തയ്യാറല്ലെന്ന സാഹചര്യവുമാണ് കോണ്‍ഗ്രസിലെ പുതിയ പ്രതിസന്ധി. ഈ സാഹചര്യത്തില്‍ മൂന്നാമതൊരു പേരിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നിലമ്പൂരില്‍ തന്റെ പിന്തുണ വിഎസ് ജോയിക്കാണെന്ന് പി വി അന്‍വര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ട് വ്യക്തമാക്കിയിരുന്നു. ജോയിയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ നിലമ്പൂരില്‍ പരീക്ഷിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ സാധ്യതയ്ക്ക് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും പി വി അന്‍വര്‍ നല്‍കുന്നു. അന്‍വറിന്റെ നിലപാടില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും മുസ്ലീം ലീഗിനും അതൃപ്തിയുണ്ടാക്കിയുട്ടുണ്ട്.

എന്നാല്‍, വിഎസ് ജോയിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി രംഗത്തെത്തിയത് തിരിച്ചടിയുണ്ടാക്കുമെന്ന നിലയിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ (എപി സുന്നികള്‍), കേരള നദ്വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ പരമ്പരാഗത മുസ്ലിം സംഘടനകള്‍ സ്ഥാനാര്‍ഥിക്ക് എതിരെ തിരിയുമോ എന്നതാണ് പ്രധാന ആശങ്ക. ചില സമസ്ത നേതാക്കളുടെ പ്രതികരണങ്ങളും ഈ സൂചന നല്‍കുന്നു. തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ നിബന്ധനകള്‍ കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയുമോ എന്നാണ് സമസ്ത നേതാവിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *