ന്യൂഡല്‍ഹി: യുപിഐയുടെ വരവോടെ ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. പണകൈമാറ്റം എക്കാലത്തേക്കാളും എളുപ്പമായി. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നതാണ് യുപിഐയുടെ പ്രയോജനം. ഇത് പണത്തിന്റെയും കാര്‍ഡുകളുടെയും ആവശ്യകത ഇല്ലാതാക്കുന്നു.
മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നോ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നോ ലഭിക്കുന്ന വരുമാനം പോലെ യുപിഐ അല്ലെങ്കില്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളും ആദായനികുതി നിയമത്തിന്റെ പരിധിയില്‍ വരും.ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2) പ്രകാരം യുപിഐ അല്ലെങ്കില്‍ ഇ-വാലറ്റുകള്‍ വഴി ലഭിക്കുന്ന പണത്തെ മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനമായാണ് ( income from other sources) കണക്കാക്കുന്നത്. അതായത് ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ അത്തരം ഇടപാടുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.
ആദായ നികുതി വകുപ്പ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ യുപിഐ അല്ലെങ്കില്‍ വാലറ്റുകള്‍ വഴി ലഭിക്കുന്ന എല്ലാ വരുമാനവും വെളിപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുപിഐയുടെ ഏറ്റവും വലിയ ഗുണം ഇത് ഉപയോഗിക്കുന്നതിന് പ്രത്യേക ഫീസ് ഒന്നും ഈടാക്കുന്നില്ല എന്നതാണ്. മറഞ്ഞിരിക്കുന്ന ചാര്‍ജുകളെ കുറിച്ച് വിഷമിക്കാതെ പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയും.